തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്ക് 26 വരെ ഇടക്കാല മുൻകൂർ ജാമ്യം. പൂങ്കുന്നം ചെറുവത്തൂർ വീട്ടിൽ ഡോ. നിഷ റാഫേലിന്റെ (45) മുൻകൂർ ജാമ്യാപേക്ഷയിലാണ് ഒന്നാം അഡീഷണൽ സെഷൻസ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി റോയ് വർഗീസിന്റെ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി ഏഴുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ആഗസ്റ്റ് 13ന്, ബിരിയാണി നൽകി പ്രലോഭിപ്പിച്ച് പതിനൊന്നുകാരനെ ടെറസിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഒക്ടോബർ നാലിനാണ് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നെന്ന് പറയുന്ന തീയതിക്കും പരാതിപ്പെട്ടതിനും ഇടയിലുള്ള കാലയളവിൽ കുട്ടി വിവിധ ചൈൽഡ് കെയർ ഹോമുകളിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ദീർഘനാൾ ചികിത്സയിലും കൗൺസലിംഗിലുമായിരുന്നു. ഇക്കാലയളവിലൊന്നും പീഡനവിവരം കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
കുട്ടിയുടെ ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഒക്ടോബർ നാലിന് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറിയുമായി നിലനിന്നിരുന്ന മുൻവിരോധവും തർക്കങ്ങളുമാണ് തനിക്കെതിരെ വ്യാജ കേസ് ചുമത്താൻ കാരണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |