അനന്തപുർ: തെളിവുകളൊന്നുമില്ലാതെ അജ്ഞാത മൃതദേഹമായി അവശേഷിക്കുമായിരുന്ന കൊലപാതകക്കേസ് ശാസ്ത്രീയായി തെളിയിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പപ്പടത്തിന്റെ പായ്ക്കറ്റാണ് കേസിൽ തുമ്പായത്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കർണാടകയിലെ ബെല്ലാരി സ്വദേശികളായ ബസവരാജു (31), കൊത്രേഷ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിന് വേണ്ടിയാണ് ഇവർ കൊലപാതകം നടത്തിയതെന്നും തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തമിഴ്‌നാടും കർണാടകയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ജൂൺ 23-നായിരുന്നു അനന്തപുർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലുള്ള കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തുന്നത്. ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ലാതിരുന്ന കേസിൽ പപ്പടപ്പായ്ക്കറ്റ് തുമ്പാവുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പപ്പടം നിർമ്മിക്കുന്നത് ചെന്നൈയിലാണെന്ന് കണ്ടെത്തി. തുടർന്ന് ഇതിന്റെ വിതരണ ശൃംഖല പിന്തുടർന്ന പൊലീസ് കർണാടകയിലെ ബെല്ലാരിയിൽ എത്തി. അവിടെ നടത്തിയ അന്വേഷണത്തിലാണ് സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു എന്ന പപ്പടം കച്ചവടക്കാരനെ ദിവസങ്ങളായി കാണാനില്ലെന്ന വിവരം ലഭിച്ചത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകൾ ഒത്തുനോക്കിയതോടെ കത്തിയത് ഗുരുരാജുവിന്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഗുരുരാജുവിന്റെ മരണശേഷവും ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പ്രതികൾ പണം പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയസ്പദമായ രീതിയിൽ ഒരാളെ കണ്ടെത്തുകയും, ഇയാൾ ആശയവിനിമയത്തിനായി ആംഗ്യഭാഷ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ പൊലീസ് പ്രതികളിലേക്ക് എത്തിച്ചേരുകയായിരുന്നു.
ഗുരുരാജുവിന് ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികളിൽ വലിയ സമ്പാദ്യമുണ്ടെന്ന് പ്രതികൾ തെറ്റിദ്ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതികൾ ഗുരുരാജുവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാൻ കത്തിച്ചു. ഗുരുരാജുവിന്റെ ബൈക്ക്, മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിവയുമായാണ് പ്രതികൾ കടന്നുകളഞ്ഞത്.
പിടിയിലായ പ്രതികൾ രണ്ട് പേർക്കും സംസാരശേഷിയും കേൾവിശക്തിയുമില്ലാത്തവരായതിനാൽ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. കൊല്ലപ്പെട്ട ഗുരുരാജുവിന്റെ ബൈക്കും, എടിഎം കാർഡ്, മൊബൈൽ ഫോൺ, വിൽക്കാൻ സൂക്ഷിച്ചിരുന്ന പപ്പടം എന്നിവ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |