കൊച്ചി: ഏലൂർ ഇലഞ്ഞിക്കൽ മഹാദേവക്ഷേത്രത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ചാംതവണയും മോഷണം. പൊലീസ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള അകലം. ശിവക്ഷേത്രത്തിലെ നാഗ പ്രതിഷ്‌ഠയ്‌ക്ക് മുന്നിലെ വിളക്കാണ് ഇന്നലെ മോഷ്‌ടിച്ചത്. ആദ്യത്തെ രണ്ട് മോഷണങ്ങളിൽ 15 വിളക്കുകളും മൂന്നാമത്തെ മോഷണത്തിൽ നാല് ചെമ്പ് കുടങ്ങളും പോണിയും കള്ളൻ കൈക്കലാക്കി. തിരുവോണദിവസം നടത്തിയ നാലാമത്തെ മോഷണത്തിൽ 10 കിലോഗ്രാം തൂക്കമുള്ള അമ്പലമണിയാണ് കവർന്നത്.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ കള്ളന്റെ ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അഞ്ച് തവണയും മോഷണം നടത്തിയത് ഒരേ കള്ളനാണെന്നാണ് മനസിലാകുന്നത്. ക്ഷേത്രമതിൽ ചാടിക്കടന്നെത്തുന്ന കള്ളൻ പിറകുവശത്തെ പാടശേഖരംവഴി രക്ഷപ്പെടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഇത്രയും വിവരങ്ങൾ ലഭിച്ചിട്ടും കള്ളനെ പിടികൂടാൻ കഴിയാതെ നാണം കെട്ടിരിക്കുകയാണ് പൊലീസ്. അന്വേഷണത്തിൽ പൊലീസ് ആത്മാർത്ഥത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഫാക്‌ടിന് സമീപമുള്ള ക്ഷേത്രപരിസരത്ത് സിഐഎസ്എഫ്, പൊലീസ് സംവിധാനങ്ങൾ സ്ഥിരമായി പരിശോധനകൾ നടത്താറുണ്ട്. എന്നിട്ടും ക്ഷേത്രത്തിന് സംരക്ഷണം നൽകാനോ കള്ളനെ പിടികൂടാനോ സാധിച്ചിട്ടില്ല.
സംഭവത്തിൽ അമ്പലക്കമ്മിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും വലിയരീതിയിൽ വിമർശിക്കപ്പെട്ടിട്ടും നിഷ്‌ക്രിയത്വം തുടരുകയാണ്. അഞ്ചുദിവസം തുടർച്ചയായി കള്ളൻ കയറി കവർച്ച നടത്തിയിട്ടും വൈകിയാണ് ഭാരവാഹികൾ വിവരമറിയുന്നത്. സി.സി ടിവി ക്യാമറ മൊബൈൽഫോണുമായി ബന്ധപ്പെടുത്താൻ സൗകര്യമുള്ള കാലമാണ്. അതൊന്നും ഭരണാധികാരികൾ ചെയ്യുന്നില്ല. ക്യാമറ അലങ്കാരത്തിനാണോ സ്ഥാപിച്ചിരിക്കുന്നതെന്നും ഭക്തജനങ്ങൾ ചോദിക്കുന്നു.
Elur temple in Kochi has witnessed its fifth theft in two weeks. CCTV captured the suspected thief, but police are yet to make an arrest, raising concerns over security and police inaction.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |