കൊല്ലം: മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തു. ലോട്ടറിടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് പണം തട്ടിയത്. ധവളക്കുഴി സ്വദേശിനി അമ്പിളിയമ്മയാണ് (62) തട്ടിപ്പിന് ഇരയായത്.
കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തുന്നതിനായി വഴിനീളെ നടന്നാണ് വയോധിക ലോട്ടറി വിൽക്കുന്നത്. മയനാട് മുതൽ കൂട്ടിക്കട വരെയുള്ള മേഖലകളിലാണ് അമ്പിളിയമ്മ ലോട്ടറി കച്ചവടം നടത്തുന്നത്. അക്കങ്ങൾ തിരുത്തിയ ടിക്കറ്റ് നൽകി 4000 രൂപയാണ് പ്രതി തട്ടിയെടുത്തത്. നാല് ടിക്കറ്റുകൾക്ക് 500 രൂപവീതവും ഒരു ടിക്കറ്റിന് 2000 രൂപയും അടിച്ചെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
രണ്ടെന്ന അക്കം പൂജ്യമാക്കി തിരുത്തിയ ടിക്കറ്റുകളാണ് അജ്ഞാതൻ നൽകിയത്. പേന ഉപയോഗിച്ചാണ് അക്കങ്ങൾ തിരുത്തിയിരിക്കുന്നതെങ്കിലും അത് പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാനാകില്ലെന്ന് വയോധിക പറയുന്നു. അമ്പിളിയമ്മയുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A 62-year-old lottery seller in Kollam was allegedly cheated of ₹4,000 after an unidentified man altered ticket numbers and falsely claimed they had won prizes. Eravipuram police have registered a case and begun an investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |