SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.26 AM IST

യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍, രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനും ട്രക്ക് ഡ്രൈവര്‍ക്കും നേരെ കൊലവിളി; സംഭവം കേരളത്തില്‍

READ ENGLISH VERSION
crime

കൊച്ചി: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്ക് നേരെ അതിക്രമത്തിന് ശ്രമം. മദ്യലഹരിയില്‍ യുവാക്കള്‍ അഴിഞ്ഞാടിയപ്പോള്‍ എറണാകുളം മൂവാറ്റുപുഴയില്‍ നടന്നത് സിനിമയിലെ ക്രൈം സീനുകളെ വെല്ലുന്ന നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ ഈസ്റ്റ് മാറാടി കരയില്‍ പള്ളിക്കവല ഭാഗത്ത് തട്ടാര്‍ കുന്നേല്‍ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടില്‍ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടില്‍ ടോമി ഷാജി (19), ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അര്‍ജുന്‍ സനില്‍ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാല്‍ വീട്ടില്‍ അശ്വിന്‍ രഘു (20) എന്നിവര്‍ അറസ്റ്റിലായി.

സംഭവം ഇങ്ങനെ: രാത്രി 11 മണിയോടെ ഈസ്റ്റ് മാറാടിയിലെ തിരുമ്മല്‍ കേന്ദ്രം പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജീവനക്കാരിയായ യുവതി. ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി അഞ്ചംഗ സംഘം എത്തുകയായിരുന്നു. യുവതിയെ കണ്ടതോടെ അവരുടെ അടുത്ത് എത്തി ചുറ്റിനും ബൈക്ക് ഓടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവതി നിലവിളിച്ചുകൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഈ സമയം അതുവഴി വന്ന ഒരു ബൈക്ക് യാത്രികന്‍ യുവതിയെ ബൈക്കില്‍ കയറ്റി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്ക് നിന്ന് പോയതോടെ സംഘം ഇവരുടെ അടുത്തേക്ക് എത്തി. തൊട്ടുപിന്നാലെ വീണ്ടും ഭയന്ന് വിറച്ച് യുവതി റോഡിന് നടുവിലേക്ക് കയറുകയും അതുവഴി വന്ന ഒരു ലോറിക്ക് കൈകാണിക്കുകയും ചെയ്തു. സ്ഥിതി മനസ്സിലാക്കിയ ബംഗാളിയായ ഡ്രൈവര്‍ യുവതിയേയും രക്ഷകനായി എത്തിയ ബൈക്ക് യാത്രികനേയും ലോറിയില്‍ കയറ്റി അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍ അപ്പോഴും അക്രമി സംഘം പിന്‍മാറിയില്ല. ലോറിയെ പിന്തുടരുകയും കൈയില്‍ കരുതിയിരുന്ന മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ലോറിയില്‍ അടിക്കുകയും ചെയ്തു. എന്നാല്‍ സംയമനം വിടാതെ ഡ്രൈവര്‍ ലോറി പൊലീസിന് മുന്നിലേക്ക് ഓടിച്ച് എത്തിക്കുകയായിരുന്നു. ഇതോടെയാണ് സംഘം പിന്‍മാറിയത്. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞ പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ രാത്രി തന്നെ വലയിലായി. വധശ്രമവും സ്ത്രീയെ ആക്രമിച്ചതും അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി അഞ്ചു പേരും റിമാന്‍ഡിലാണ്. മൂവറ്റുപുഴ മുതല്‍ പിറവം വരെയുള്ള റോഡിലാണ് ഈ അക്രമസംഭവം അരങ്ങേറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY