SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.43 PM IST

കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങൾ; മുഖ്യപ്രതി കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ

READ ENGLISH VERSION
koodathil-house
കൂടത്തിൽ കുടുംബം

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളിൽ ഒടുവിൽ പ്രതി അറസ്റ്റിൽ. 15 വർഷങ്ങൾക്കിടെ കൂടത്തിൽ കുടുംബത്തിൽ ഏഴ് മരണങ്ങളാണ് ഉണ്ടായത്. ഇതിൽ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ കുടുംബത്തിലെ കാര്യസ്ഥൻ രവീന്ദ്രനാണ് അറസ്റ്റിലായത്. വർഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ അറസ്റ്റുണ്ടായതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

കോഴിക്കോട് കൂടത്തായി കൊലക്കേസ് ഏറെ വാർത്താപ്രാധാന്യം നേടിയതോടെയാണ് തിരുവനന്തപുരത്തെ കൂടത്തിൽ കുടുംബത്തിന്റെ വാർത്തയും പുറത്തെത്തിയത്. 500 കോടിയിലധികം വിലവരുന്ന സ്വത്തിനുടമകളായിരുന്നു ഇവർ. ജയമാധവൻ നായരുടെ മരണം കൊലപാതകമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സൂചനകളുണ്ടായിരുന്നു. 2017ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കോടിക്കണക്കിന് സ്വത്തിന് അവകാശിയായിരുന്നു ജയമാധവൻ നായർ. ഈ സ്വത്തുക്കൾ തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടത്തിൽ കുടുംബത്തിലെ ഗോപിനാഥപിള്ള, ഭാര്യ സുമുഖിയമ്മ, മക്കൾ ജയബാലകൃഷ്‌ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്‌ണൻ നായർ, ഗോപിനാഥപിള്ളയുടെ മറ്റൊരു സഹോദരൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.

ഇവർ മരിച്ചതോടെ ഇവരുടെ കോടികളുടെ സ്വത്ത് ഇഷ്‌ടദാനമെന്ന പേരിൽ രവീന്ദ്രനും ബന്ധുക്കളും കൈക്കലാക്കി. ഇതിനെതിരെ നാട്ടുകാരനായ അനിൽകുമാർ, ബന്ധുവായ പ്രസന്നകുമാരി എന്നിവർ പരാതിപ്പെട്ടു. ഇഷ്‌ടദാനത്തിന്റെ വിൽപത്രം ഉണ്ടാക്കിയത് വ്യാജമെന്ന് അന്വേഷണത്തിൽ മനസിലായിരുന്നു. ജയമാധവൻ നായരെ 2017 ഏപ്രിൽ രണ്ടിന് തറവാട്ടിൽ ബോധംകെട്ട നിലയിൽ കണ്ടെന്നും ഉടൻ മെഡിക്കൽ കോളേജിലേക്ക് അടുത്തുള്ള വീട്ടിലെ ഓട്ടോയിൽ എത്തിച്ചെങ്കിലും മരിച്ചെന്നാണ് രവീന്ദ്രൻ മൊഴിനൽകിയിരുന്നത്. ക്രൈംബ്രാഞ്ച് എസിപി എംകെ സുൾഫീക്കറിന്റെ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തി.

തൊട്ടടുത്ത് ഓട്ടോയുണ്ടായിട്ടും ദൂരെയുള്ള ഒരു സുഹൃത്തിന്റെ ഓട്ടോ വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് മനസിലായി. കട്ടിലിൽ നിന്ന് വീണപ്പോഴുള്ള തലയ്‌ക്കേറ്റ പരിക്കാകാം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെങ്ങനെയെന്നതറിയാൻ വീട്ടിൽ കണ്ട രക്തക്കറ പരിശോധിച്ചപ്പോൾ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായി. തുടർന്ന്‌ രവീന്ദ്രനെ ബ്രെയിൻ മാപ്പിംഗ് പരിശോധന നടത്തി. ഇതിൽ ജയമാധവൻ നായരുടെ തല ചുമരിലിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ഇതാണ് ഇപ്പോൾ അറസ്റ്റിലേക്ക് വഴിവച്ചത്.

English Summary

Ravindran, the caretaker of the Koodathil family, has been arrested in connection with the mysterious death of Jayamadhavan Nair in Thiruvananthapuram’s Karamana. Seven deaths occurred in the family over 15 years. Ravindran was arrested after investigators identified him as an accused in the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARAMANA KOODATHIL FAMILY, RAVINDRAN ARRESTED, JAYAMADHAVAN NAIR DEATH, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY