SignIn
Kerala Kaumudi Online
Sunday, 27 September 2026 8.48 AM IST

 കുത്തിവയ്‌പിന് പിന്നാലെ യുവതി അബോധാവസ്ഥയിൽ ഡോക്ടർക്കെതിരെ കേസ്

നെയ്യാറ്റിൻകര: മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി അബോധാവസ്ഥയിലായ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർ വിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടർന്നാണിത്. മച്ചേൽ മണപ്പുറം ശരത് ഭവനിൽ കൃഷ്ണപ്രിയയാണ് (28) മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. കൃഷ്‌ണപ്രിയയ്ക്ക് അലർജിയും ആസ്‌‌ത്‌മയും ഉണ്ടായിരുന്നതായും അത് പരിഗണിക്കാതെയാണ് കുത്തിവയ്‌പ് എടുത്തതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.


മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലുള്ള കൃഷ്‌ണപിയയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച കൃഷ്‌ണപ്രിയയെ തൈക്കാട് ആശുപത്രിയിലും തുടർന്ന് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തൈക്കാട് ആശുപത്രിയിൽ സ്കാനിംഗ് നടത്തിയപ്പോൾ വൃക്കയിൽ കല്ല് കണ്ടെത്തി. അല്പം മൂർച്ഛിച്ച അവസ്ഥയിലാണെന്നും അടിയന്തരമായി സർജനെ കാണാനും നിർദ്ദേശിച്ചു. തിങ്കളാഴ്ച ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഒ.പിയിലെത്തി സർജനെ കണ്ടു. പരിശോധനകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു. തുടർപരിശോധനകൾക്കായി രക്തവും മൂത്രവും എടുത്ത് നൽകി. ഇത് ലാബിൽ നൽകാനായി കൂടെയുണ്ടായിരുന്ന ബന്ധു പോയപ്പോൾ കുത്തിവയ്‌പ് നൽകിയെന്നാണ് പരാതി. തുടർന്ന് യുവതി ബോധരഹിതയായതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, അലർജിയുണ്ടെന്ന് പെൺകുട്ടിയോ കൂടെയുള്ളവരോ പറഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. യുവതിക്ക് ഡ്രിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. കുത്തിവയ്‌പ് എടുത്തെന്ന ആരോപണം ശരിയല്ല.വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് യുവതിയെ മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. യുവതിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY