കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ച് ഇന്ന് രാവിലെ കുത്തേറ്റ എം.ഡി.എം.എ കേസിലെ രണ്ടാംപ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ലിവിംഗ് ടുഗദർ പങ്കാളിയായ പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജിനീഷ് (38) കീർത്തനയെ കുത്തിപ്പരിക്കേല്പിച്ചത്. രാവിലെ 10.10നായിരുന്നു സംഭവം. കീർത്തനയുടെ കഴുത്തിൽ ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് കുത്തേറ്റത്.
കീർത്തനയുടെ നിലവിളി കേട്ട് സ്റ്റേഷനിൽ നിന്ന് ഓടിയെത്തിയ പൊലീസുകാരാണ് ജിനീഷിനെ കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ കീർത്തന ചത്തോ എന്ന കസ്റ്റഡിയിൽ എടുത്തശേഷവും ഇയാൾ പലതവണ ചോദിച്ചതായാണ് വിവരം. സ്റ്റേഷനിലെത്തി ഒപ്പിട്ടു മടങ്ങുമ്പോഴാണ് പ്രധാന റോഡിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ് ജിനീഷ് പിന്തുടർന്നെത്തി കീർത്തനയെ കറിക്കത്തി ഉപയോഗിച്ച് പലതവണ കുത്തിയത്. ബലപ്രയോഗത്തിനും കത്തിക്കുത്തിനും ഇടയിൽ കത്തി ഒടിഞ്ഞതായും പറയുന്നു. തുടർന്ന് വടകര സർക്കിൾ ഇൻസ്പെക്ടർ എ.കെ. സജീഷിന്റെ നേതൃത്വത്തിൽ വടകര താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ഭർത്താവിൽ നിന്ന് അകന്ന കീർത്തന രണ്ടുവർഷത്തോളമായി ബസ് ഡ്രൈവറായ ജിനീഷിനൊപ്പം താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. എം.ഡി.എം.എ കേസിൽ കീർത്തന അറസ്റ്റിലായ ശേഷം ഇയാൾ ആ വീട്ടിൽ പോയിരുന്നില്ല. കീർത്തന ജയിലിലായിട്ടും ജിനീഷ് കാണാനെത്തിയിരുന്നില്ല. ഈ മാസം ആദ്യം കീർത്തനയ്ക്ക് ജാമ്യം ലഭിച്ചതിന് ശേഷം സ്വർണാഭരണത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായതായും പറയുന്നു.
അതേസമയം ജിനീഷിന്റെ താമസ സ്ഥലത്ത് എത്തിയ ഒരു സംഘം ഇയാളെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിൽ പ്രകോപിതനായാണ് ആക്രമണമെന്നും വിവരമുണ്ട്. എന്നാൽ കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് ജിനീഷിന്റെ മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |