SignIn
Kerala Kaumudi Online
Monday, 05 October 2026 7.37 AM IST

വ്യാജ ആധാരം, ആൾമാറാട്ടം, പ്രവാസിയുടെ രണ്ടു കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന്  പരാതി

crime

ആലുവ: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ദുബായിലെ രണ്ടു കോടി രൂപ വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. പെരിന്തൽമണ്ണ കാര്യവട്ടം പാറക്കൽ മുഹമ്മദ് നവാസ്, ആലുവ പേരേക്കാട്ടിൽ വിനോദ് എന്നിവർക്കെതിരെ പ്രവാസി വ്യവസായി കടുങ്ങല്ലൂർ നീസ് വില്ലയിൽ മുഹമ്മദ് മക്കാരിന്റെ പരാതിയിലാണ് അന്വേഷണം. വ്യാജ ആധാരമുണ്ടാക്കി തന്നെ ചതിച്ചെന്നും ക്രിമിനൽക്കേസിൽ പെടുത്തിയെന്നുമാണ് പരാതി.


മുഹമ്മദ് മക്കാർ ദുബായിൽ നടത്തിയിരുന്ന കേറ്ററിംഗ് സ്ഥാപനം വിനോദ് ഇടനിലക്കാരനായി 2015ൽ നവാസ് വിലയ്ക്കു വാങ്ങാൻ എത്തുന്നതോടെയാണ് തട്ടിപ്പിനു തുടക്കം. ഒരു മില്യൺ ദിർഹത്തിന് (രണ്ടു കോടി രൂപ) കച്ചവടം ഉറപ്പിച്ചു. തങ്ങളുടെ പക്കൽ ഉടനടി ദുബായ് ദിർഹം എടുക്കാനില്ലെന്നും പകരം പെരിന്തൽമണ്ണ ടൗണിൽ തന്റെ പേരിലുള്ള രണ്ടര ഏക്കർ സ്ഥലം പണയപ്പെടുത്തി ലോണെടുത്തു തരാമെന്നും നവാസ് പറഞ്ഞു. തനിക്ക് സിബിൽ സ്‌കോർ പ്രശ്‌നമുള്ളതിനാൽ സ്വന്തം പേരിൽ വായ്പ കിട്ടില്ലെന്നും പറഞ്ഞ് മുഹമ്മദ് മക്കാരിന്റെ പേരിൽ വസ്തു എഴുതി നൽകാൻ ധാരണയായി. സ്ഥലത്തിന് 10 കോടി രൂപ മൂല്യം കാണിക്കുന്ന വ്യാജ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് പ്രതികൾ ഹാജരാക്കി. കേറ്ററിംഗ് കമ്പനിയുടെ വിലയായ രണ്ടുകോടി രൂപ വൈകാതെ നൽകാമെന്നും അപ്പോൾ വസ്തു തിരിച്ചെടുക്കാമെന്നുമായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം പ്രതികൾ ആവശ്യപ്പെട്ട രേഖകളെല്ലാം മുഹമ്മദ് മക്കാർ നൽകി.


മാസങ്ങൾക്ക് ശേഷമാണ് പെരിന്തൽമണ്ണ പതയ്‌ക്കര സ്വദേശികളും സഹോദരങ്ങളുമായ ഹമീദ, നൂർജഹാൻ, കിഷോർബാനു, ജഹാൻ എന്നിവരുടെ പരാതിയിൽ തനിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് ക്രിമിനൽ കേസെടുത്തതായി മുഹമ്മദ് മക്കാർ അറിയുന്നത്. മുഹമ്മദ് മക്കാരിന് നവാസ് എഴുതിക്കൊടുത്ത ഭൂമി പരാതിക്കാരുടെ കുടുംബസ്വത്തായിരുന്നു. ഈ ഭൂമി വാങ്ങാൻ നവാസ് 2013 ജൂൺ നാലിന് കരാറെഴുതിയെങ്കിലും പല കാരണങ്ങളാൽ രജിസ്‌ട്രേഷൻ നടന്നില്ല. പിന്നീട് ഈ വസ്തുവിൽ നവാസും കൂട്ടരും കടന്നുകയറിയതറിഞ്ഞ് ഉടമകൾ രജിസ്ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചപ്പോൾ ഭൂമി മുഹമ്മദ് മക്കാർ വാങ്ങിയതായി ബോദ്ധ്യമായി. തുടർന്നാണ് പെരിന്തൽമണ്ണ പൊലീസിനു പരാതി നൽകിയത്. താൻ ചതിക്കപ്പെടുകയായിരുന്നെന്നും നവാസും വിനോദും വസ്തുവിന്റെ ഉടമകളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് വസ്തു തന്റെ പേരിലെഴുതിയതെന്ന് പിന്നീടാണ് മനസിലായതെന്നും മുഹമ്മദ് മക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY