SignIn
Kerala Kaumudi Online
Thursday, 04 June 2026 3.05 AM IST

കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ': 36 പേർ പിടിയിൽ

asif

 437.28 ഗ്രാം എം.ഡി.എം.എ പിടികൂടി

കൊച്ചി: ലഹരി, മയക്കുമരുന്ന് സംഘങ്ങളെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള 'തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ' ഭാഗമായി എറണാകുളം നഗരപരിധിയിലെ 90 ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 36 പ്രതികൾ പിടിയിൽ. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് 33 കേസുകളും സി.ഒ.പി.ടി.എ പ്രകാരം ഏഴ് കേസുകളും രജിസ്റ്റർ ചെയ്തു.

എറണാകുളം, കളമശേരി ഡാൻസാഫ് ടീം തൃക്കാക്കര കൊല്ലംകുടിമുകളിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മൂന്ന് മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്തു. പാലക്കാട് കൈതക്കുഴി വാരിയത്ത് വീട്ടിൽ അർജുൻ (30), കാസർകോട് ചേർക്കല പാടി അഞ്ചാംപുര രതീഷ് (33), എറണാകുളം കളമശേരി കണ്ണോത്ത് വീട്ടിൽ ആസിഫ് (36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 437.28 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപയും ഇവർ ഉപയോഗിച്ചിരുന്ന ഔഡി കാറും പിടിച്ചെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ഷഹിൻഷ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും സബ് ഡിവിഷൻ അസി. കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസുമാണ് ഓപ്പറേഷൻ തൂഫാനിൽ പങ്കെടുത്തത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം, ആഡംബര ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY