
പെരിന്തൽമണ്ണ: മദ്യപിച്ച് ലോറി ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവർ അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയായ പൊന്നാട്ടിൽ വീട്ടിൽ ജോസഫിന്റെ മകൻ ധോണിഷ് (38) ആണ് മങ്കട പൊലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും പാലക്കാടേക്ക് ലോറിയിൽ പോവുകയായിരുന്ന പ്രതി യാത്രയിലുടനീളം കാൽനട യാത്രക്കാരെയും വാഹനങ്ങളെയും പൊലീസ് ജീപ്പിനെയും ഇടിച്ച് തെറിപ്പിച്ചു. പാണ്ടിക്കാട്, മഞ്ചേരി ടൗണുകളിൽ വാഹനങ്ങളെ ഇടിച്ചിട്ട ശേഷം മങ്കടയിൽ എത്തിയപ്പോൾ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ജെ.സി.ബിയുടെ ടയറുകളും വലിയ ലോറിയും സ്വകാര്യ കാറും റോഡിന് കുറുകെയിട്ട് ലോറി തടഞ്ഞു നിർത്തിയാണ് പിടികൂടിയത്. ലഹരിയിലായിരുന്ന പ്രതി പൊലീസിനെയും നാട്ടുകാരെയും ദേഹോപദ്രവം ഏൽപ്പിച്ചു.
ബീവറേജ് കോർപ്പറേഷന്റെ ചരക്ക് നീക്കത്തിനായി കരാർ എടുത്തിരുന്ന ലോറിയാണിത്. സ്റ്റേഷനിലെ 30,000ത്തിലധികം വില വരുന്ന നിരീക്ഷണ ക്യാമറ അടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച പൊലീസുകാരന്റെ മുഖത്ത് തകർത്ത ക്യാമറയുടെ ഭാഗം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിച്ചതിന് ശേഷവും ഇയാൾ അക്രമം തുടർന്നു. അര ലോഡ് മദ്യവും ലോറിയിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മദ്യപിച്ച് ജീവഹാനി ഉണ്ടാക്കും വിധം വാഹനം ഓടിച്ചതിനും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗോവയിൽ നിന്നും
പെരിന്തൽമണ്ണ ബാറിലേക്ക് മദ്യവുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് ധോണിഷ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് പ്രതിക്കെതിരെ ഉണ്ട്.
മങ്കട പൊലീസ് സബ് ഇൻസ്‌പെക്ടർ ഷരീഫ് തോടേങ്ങൽ, സി.പി.ഒമാരായ സബിത്, ഹബീബ്, ഗോകുൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |