
പാലക്കാട്: കണ്ണാടിയിൽ കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിലുള്ള നായയുടെ ജഡം കണ്ടെത്തി. കൊല്ലങ്കോട്ട് പറമ്പിൽ ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ടാങ്കിലാണ് ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നിന്ന് രൂക്ഷഗന്ധം വന്നതോടെയാണ് പ്രദേശവാസികൾ ടാങ്ക് തുറന്ന് പരിശോധിച്ചത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. പൂർണമായും അഴുകിയ നിലയിലായിരുന്നു ജഡം. നായയെ കൊന്നശേഷം മനഃപൂർവം ടാങ്കിൽ തള്ളിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകി.
സ്വകാര്യ വ്യക്തി പൊതുജനങ്ങൾക്കായി സ്ഥാപിച്ച ഈ ടാങ്ക് എപ്പോഴും കൃത്യമായി അടച്ചുപൂട്ടാറുള്ളതാണെന്നും അതിനാൽ നായ അബദ്ധത്തിൽ വീഴാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ള ടാങ്കിന് തെട്ടടുത്തുള്ള ക്ഷേത്രത്തിന്റെ വിവിധ ആവശ്യങ്ങൾക്കും പായസം വെക്കുന്നതിനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്.
അഴുകിയ ജഡം കിടന്ന വെള്ളം ഉപയോഗിച്ചതിലൂടെ പകർച്ചവ്യാധികളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ നാട്ടുകാർ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് കുടിവെള്ള ടാങ്ക് അടിയന്തരമായി ശുചീകരിക്കുന്നതിനും വെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പഞ്ചായത്ത് അധികൃതർ നടപടികൾ ആരംഭിച്ചു.
സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നായയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |