
കൊച്ചി: ബിഹാറിൽനിന്ന് 9 കുട്ടികളെ ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന മുഖ്യഏജന്റ് ഒളിവിൽ. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ എന്ന ഏജന്റാണ് കടന്നത്. ഇയാളുടെ ഫോൺനമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ റെയിൽവേ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ബിഹാറികളായ 9 കുട്ടികൾ ഉൾപ്പെടെ 11 പേർ പിടിയിലായതോടെയാണ് ഇയാൾ ഫോൺഓഫാക്കി മുങ്ങിയത്. സംഭവത്തിൽ മനുഷ്യക്കടത്തിന് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് ബിഹാർ സ്വദേശികൾ ജുഡിഷ്യൽ റിമാൻഡിലാണ്.
* കുട്ടികളുമായി സംസാരിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റി
ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് ചൈൽഡ്ലൈനിന് കൈമാറിയ കുട്ടികളുമായി ഇന്നലെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിആശയവിനിമയം നടത്തി. നെടുമ്പാശേരി, പള്ളുരുത്തി ശിശുസംരക്ഷണ കേന്ദ്രങ്ങളിലായിട്ടാണ് പാർപ്പിച്ചിരിക്കുന്നത്. തങ്ങളെ ഒരുമിച്ച് പാർപ്പിക്കണമെന്ന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ അനുമതി നൽകിയില്ല. നാട്ടിലേക്ക് മടങ്ങാനും കുട്ടികൾ താത്പര്യം അറിയിച്ചു. മേൽവിലാസങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ബിഹാറിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കും. തൊഴിൽ എടുക്കുന്നതിനായി ജില്ലയിലേക്ക് കുട്ടികളെ കടത്തിക്കൊണ്ട് വരുന്നതിനെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |