
കൂത്താട്ടുകുളം: ടി.ബി കവലയിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ച് വിദേശത്തേക്ക് കടന്ന ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു. പാലക്കുഴ മാമ്പഴയിൽ എം.എസ്. രഞ്ജിത്ത്, തിരുമാറാടി തെക്കേത്തൊട്ടിയിൽ കെവിൻ തോമസ് എന്നിവരാണ് പിടിയിലായത്. മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെട്ട സംഘം 14 ലക്ഷത്തോളം രൂപയാണ് സ്ഥാപനത്തിൽനിന്ന് തട്ടിയെടുത്തത്.
പൊലീസ് പറയുന്നത്: 2021 മുതൽ 2023 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ബ്രാഞ്ച് മാനേജർ മുളക്കുളം മേടമനയിൽ സീന മാത്യു, ജീവനക്കാരായ രഞ്ജിത്ത്, കെവിൻ എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ ലോൺ തിരിച്ചടവായി നൽകിയ പണം വകമാറ്റിയും പലരുടെയും പേരിൽ വ്യാജമായി ലോണെടുത്തുമായിരുന്നു പണം അപഹരിച്ചത്.
തട്ടിപ്പ് പുറത്തായതിനെ തുടർന്ന് സീന ഇസ്രായേലിലേക്കും രഞ്ജിത്ത് സൗദിയിലേക്കും കടന്നിരുന്നു. കെവിൻ നാട്ടിൽത്തന്നെ തുടരുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വിദേശത്തുനിന്നും അവധിക്ക് നാട്ടിലെത്തിയ രഞ്ജിത്തിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
പ്രതികൾക്കെതിരെ ഇതിനോടകം അറുപതോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിദേശത്തേക്ക് കടന്ന സീനയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |