
ഓയൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിവന്ന യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പകൽക്കുറി ലീന സദനത്തിൽ ജഗൻ എന്നറിയപ്പെടുന്ന ഹരിനാരായണൻ (26) ആണ് പിടിയിലായത്. വെള്ളിനല്ലൂർ പാലത്തിന് സമീപം ഇന്നലെ വൈകിട്ട് ആറുമണിയോടെ പൂയപ്പള്ളി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇയാൾ വലയിലായത്. പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് സ്കൂളുകൾ തുറന്നതോടെ കുട്ടികളെ കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്ന് വിൽപന സജീവമാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ തമ്പടിച്ച് കുട്ടികൾക്ക് ലഹരിവസ്തുക്കൾ കൈമാറുന്നതായിരുന്നു ഇയാളുടെ പതിവ്.
പൂയപ്പള്ളി സി.ഐ. ഷാജിമോന്റെ നിർദ്ദേശപ്രകാരം എസ്.സി.പി.ഒ.മാരായ റിജു, മധു, അൻവർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിൽ സ്കൂൾ-കോളേജ് പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ തുടരുമെന്നും സി.ഐ. ഷാജിമോൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |