
പുൽപ്പള്ളി: കനറാ ബാങ്ക് പുൽപ്പള്ളി ശാഖയിൽ വ്യാജ സ്വർണം പണയംവെച്ച് 28.9 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്കിന്റെ വിശദമായ ആഭ്യന്തര പരിശോധനകൾ പൂർത്തിയായി. തട്ടിപ്പിന് നേതൃത്വം നൽകിയ ബാങ്ക് അപ്രൈസർ പുൽപ്പള്ളി ഗ്രീൻവാലി സ്വദേശി കെ.ആർ. സഹജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബാങ്ക് സോണൽ മാനേജരുടെ പരാതിയിൽ കേസെടുത്ത പുൽപ്പള്ളി പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സഹജന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടെയും വിദഗ്ധരായ സ്വർണ്ണ പരിശോധകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി ബാങ്കിലുള്ള മുഴുവൻ സ്വർണ്ണപ്പണയങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമാക്കി. പതിവ് റീ അപ്രൈസ് നടപടിക്ക് ഇടെയാണ് തട്ടിപ്പ് പുറത്തുവന്നത്. വിശദമായ പരിശോധനയിൽ ബാങ്കിലെ മറ്റ് മുഴുവൻ സ്വർണ്ണപ്പണയങ്ങളും സുരക്ഷിതമാണെന്നും സഹജൻ സുഹൃത്തുക്കളുടെ പേരിൽ എടുത്ത അഞ്ച് സ്വർണ്ണവായ്പകളിൽ മാത്രമാണ് മുക്കുപണ്ടം ഉള്ളതെന്നും സ്ഥിരീകരിച്ചു.
തട്ടിപ്പ് നടത്തിയത് സുഹൃത്തുക്കളെ മുൻനിർത്തി
ബാങ്കിൽ ജോലി ചെയ്യുന്നതിനാൽ സ്വന്തം പേരിൽ സ്വർണം പണയംവെക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളായ അഞ്ചുപേരെക്കൊണ്ട് വായ്പാ രേഖകളിൽ ഒപ്പിട്ടു വാങ്ങിയാണ് സഹജൻ പണം തട്ടിയത്. തങ്ങൾ പണയംവെക്കാൻ നൽകിയത് മുക്കുപണ്ടമാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് വഞ്ചിക്കപ്പെട്ട സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് തവണകളായാണ് ഇയാൾ വ്യാജ സ്വർണം പണയത്തിൽ ഉൾപ്പെടുത്തിയത്. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നും താൻ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും സഹജൻ ബാങ്ക് അധികൃതർക്കും പൊലീസിനും കുറ്റസമ്മതമൊഴി നൽകിയിട്ടുണ്ട്. കേസ് ഒഴിവാക്കാൻ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നുവെങ്കിലും ബാങ്ക് അധികൃതർ കർശന നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തേക്ക്
പ്രതിക്കെതിരെ കൂടുതൽ സാമ്പത്തിക തിരിമറി ആരോപണങ്ങളും ഉയരുന്നുണ്ട്. വ്യാജ സ്വർണത്തിന്റെ യഥാർത്ഥ ഉടമകളെന്ന് ഇയാൾ അവകാശപ്പെട്ടിരുന്ന 'ദുബായ് ദമ്പതികൾ' വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, ബാങ്കിൽ സ്വർണം പണയംവെക്കാൻ എത്തുന്നവരിൽ നിന്ന് ഇയാൾ വൻ തുകകൾ കൈക്കലാക്കാൻ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു വീട്ടമ്മ വലിയ അളവിൽ സ്വർണം പണയംവെച്ച് ചെറിയ തുക മാത്രം വായ്പയെടുത്തത് മനസ്സിലാക്കി, ബാക്കി തുക കൂടി വായ്പയെടുത്ത് തനിക്ക് വായ്പയായി നൽകാൻ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ വീട്ടമ്മ ഇതിന് തയ്യാറാകാതിരുന്നതിനാൽ ഈ തട്ടിപ്പ് നടന്നില്ല. ബാങ്കിലെ മറ്റ് ഇടപാടുകാരുടെ മുഴുവൻ സ്വർണ്ണവും വായ്പകളും പൂർണ്ണമായും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |