കൊച്ചി: ലക്ഷദ്വീപിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്ന ഒമ്പത് വയസുകാരി കപ്പലിൽ പീഡനത്തിന് ഇരയായി. സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശിയും 45 കാരനുമായ മദ്രസ അദ്ധ്യാപകനെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ ഉറങ്ങിക്കിടന്ന നേരത്ത് കുട്ടിയെ കപ്പലിന്റെ മേൽത്തട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയായിരുന്നു പീഡനം.
വെള്ളിയാഴ്ച കവരത്തിയിൽ നിന്ന് പുറപ്പെട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്രാ കപ്പൽ എം.വി ലഗൂൺസിലായിരുന്നു സംഭവം. കൊച്ചിയിലെ ബന്ധുവിനെ കാണാൻ പുറപ്പെട്ടതായിരുന്നു പെൺകുട്ടിയും കുടുംബവും. ഇതേ കപ്പലിൽ സഞ്ചരിച്ച പ്രതിക്ക് ഇവരുമായി മുൻപരിചയമുണ്ട്. ഇത് മുതലെടുത്താണ് രക്ഷിതാക്കൾ ഉറങ്ങിക്കിടന്ന നേരത്ത് കുട്ടിയെ മേൽത്തട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതി കപ്പ് കേക്ക് സമ്മാനിച്ചിരുന്നു. ഉറക്കമുണർന്ന മാതാവ് കുട്ടിയുടെ കൈവശം കേക്ക് കണ്ട് സംശയം തോന്നി തിരക്കിയപ്പോഴാണ് പീഡനത്തെപ്പറ്റി വെളിപ്പെടുത്തിയത്. മാതാപിതാക്കൾ കപ്പൽ അധികൃതരുടെ സഹായത്തോടെ കൊച്ചി പൊലീസിനെ അറിയിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് കപ്പൽ എറണാകുളത്ത് എത്തിയപ്പോൾ പ്രതിയെ കോസ്റ്റൽ എസ്.എച്ച്.ഒ ബി.വി. ലൈജുമോന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും പീഡിപ്പിച്ചതിനും പോക്സോ പ്രകാരമാണ് കേസ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |