SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.11 AM IST

തട്ടിക്കൊണ്ടുപോയി കവർച്ച, രാസലഹരി കടത്ത്: ഇടുക്കിയിലെ ഒളിത്താവളത്തിൽനിന്ന് ഗുണ്ട അറസ്റ്റിൽ

sharooq

കൊച്ചി: യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലും 200ഗ്രാം രാസലഹരി വിതരണക്കേസിലും ഒളിവിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പാണാവള്ളി തൃച്ചാറ്റുകുളം വെളികണ്ണന്തറവീട്ടിൽ ഷാരൂഖിനെയാണ് (26) എറണാകുളം എ.സി.പി കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ ഇടുക്കി വട്ടവടയിലെ ഒളിത്താവളത്തിൽനിന്ന് ഇന്നലെ പിടികൂടിയത്. എ.ടി.എസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.

ഫെബ്രുവരി 14ന് രാത്രി വെല്ലിംഗ്ടൺ ഐലൻഡിൽനിന്ന് ഇടുക്കി സ്വദേശികളായ യുവാക്കളെ കാർ സഹിതം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ 25അംഗ സംഘത്തിലെ ഗുണ്ടയാണ്. ഇരുവരെയും ബന്ദികളാക്കി മർദ്ദിച്ച് ഒരുലക്ഷംരൂപയും കാറും കവർന്നശേഷം തൃപ്പൂണിത്തുറയിൽ വഴിയോരത്ത് തള്ളി. കേസിൽ പശ്ചിമകൊച്ചിയിലെ ഗുണ്ടാത്തലവൻമാരായ ഡെൽബിൻ ദേവസി, ദിലീഷ് ഉൾപ്പെടെ 15 പ്രതികൾ ഇതിനകം പിടിയിലായി. 200 ഗ്രാം രാസലഹരി പിടിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെയും 1.51ഗ്രാം എം.ഡി.എം.എ പിടിച്ചതി​ന് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെയും കേസുകളി​ൽ ഷാരൂഖ് പ്രതിയാണ്.

സൗത്ത് സി.ഐ റെജിൻ എം തോമസ്, ഹാ‌ർബർ എസ്.എച്ച്.ഒ അജിത്ത്, എ.സി.പി സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സി.എം. ജോസി, എസ്.ഐ ഒ.എം.ഷിബു, പി. അനിൽകുമാർ, എ.എസ്.ഐ വി.കെ. സനീപ്കുമാർ,സീനിയർ സി.പി.ഒ എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

*ഭീകരവിരുദ്ധസേനയും രംഗത്ത്

സെപ്‌തംബർ 24ന് രാത്രി എറണാകുളം കളത്തിപ്പറമ്പ് റോഡിലെ ഒരു ലോഡ്ജിൽനിന്ന് 199.034 ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശി കെ.ബി. അഫ്സലും ചെങ്ങന്നൂർ സ്വദേശിനി ജെസ്‌ന സൂസനും പിടിയിലായതോടെയാണ് ഷാരൂഖിനായി കേരള പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ.ടി.എസ്) തെരച്ചിലാരംഭിച്ചത്. ഇരുവർക്കും ലഹരി കൈമാറിയത് ഷാരൂഖായിരുന്നു. പൊലീസ് റെയ്ഡിന് ഏതാനും മണിക്കൂർമുമ്പാണ് ഇയാൾ ലോഡ്ജിൽനിന്ന് ഫോൺഓഫാക്കി കടന്നത്. 100 ഗ്രാമിന് മുകളിൽ രാസലഹരിക്കേസുകളിൽ എ.ടി.എസ് പ്രതികളെ നിരീക്ഷിക്കാറുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരി കടത്തുന്ന മുഖ്യകണ്ണിയാണ് ഇയാൾ. വട്ടവടയിൽ ഒളിവിലായിരുന്ന ഷാരൂഖ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽഫോൺ നമ്പരുകൾ എ.ടി.എസ് കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY