
കൊച്ചി: ഹാഷിഷ് ഓയിൽ കടത്തിന് ജാമ്യത്തിൽ കഴിയുന്ന പ്രതി രാസലഹരിയുമായി കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര പുതുക്കലവട്ടം പാറയിൽ റോഡ് പുളിക്കൽ ലെയ്‌ൻ പാറയിൽ വീട്ടിൽ ആൻസൺ ആന്റണിയെയാണ് (39) സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 30.430 ഗ്രാം എം.ഡി.എം.എ, 10.8 ഗ്രാം കഞ്ചാവ്, 1.40 ഗ്രാം ചരസ്, 5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.
2022 ൽ തൃശൂർ എക്സൈസാണ് ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തത്. ടൈൽസ് പാകൽ കരാറുകാരനായ ഇയാളുടെ കീഴിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ഇവർക്കുൾപ്പെടെയാണ് രാസലഹരിയും മറ്റ് മയക്കുമരുന്നുകളും നൽകുന്നത്. കൊച്ചിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന വൻകിട സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
പിടിച്ചെടുത്ത 5 ലക്ഷം രൂപ രാസലഹരി വിതരണത്തിൽ നിന്ന് കിട്ടിയതാണെന്നാണ് പൊലീസിന്റെ സംശയം. എളമക്കര പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |