SignIn
Kerala Kaumudi Online
Friday, 16 October 2026 7.42 PM IST

ആര്യങ്കോട് പൊലീസ് സ്റ്റേഷനുനേരെ പെട്രോൾ ബോംബ് ആക്രമണം

vld-1

 വാഹനത്തിന് കേടുപാട്  ആക്രമണം നടത്തിയത് രണ്ടുപേർ

വെള്ളറട: കോട്ടയത്ത് യുവാവിനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് കൊണ്ടിട്ട സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് തിരുവനന്തപുരത്ത് വെള്ളറട ആര്യങ്കോട് പൊലീസ് സ്റ്റേഷനുനേരെ പെട്രോൾ ബോംബ് ആക്രമണം. പൊലീസ് ജീപ്പിന്റെ ഗ്ളാസ് തകർന്നു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 11.30ഓടെയാണ് ആഡംബര ബൈക്കിലെത്തിയ രണ്ടുയുവാക്കൾ പെട്രോൾ നിറച്ച രണ്ട് ബിയർ കുപ്പികൾ സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ഒരു കുപ്പി പതിച്ച് ജീപ്പിന്റെ പിറകിലത്തെ ഗ്ളാസ് പൂർണമായും തകർന്നു. മറ്റൊരു കുപ്പി പരിസരത്ത് പൊട്ടി പെട്രോൾ സ്റ്റേഷനുള്ളിലും വീണു. കത്തിച്ച് എറിയാത്തതുകാരണം വൻ അപകടം ഒഴിവായി. സ്റ്റേഷൻ പരിസരത്ത് ആളുകൾ നിൽക്കുമ്പോഴായിരുന്നു ആക്രമണം. നാട്ടുകാരും പൊലീസുകാരും പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിനുപിന്നിൽ കഞ്ചാവ് ലോബിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വൻ മയക്കുമരുന്ന് കച്ചവട സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ചെമ്പൂര് എൽ.എം.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒരു വിദ്യാർത്ഥിയെ പുറത്തുനിന്നെത്തിയ സംഘം കുത്തിപ്പരിക്കേല്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് പൊലീസ് നൽകുന്ന സൂചന. ആക്രമണത്തിൽ പരിക്കേറ്റ സനോജ് (18)​ ആശുപത്രിയിൽ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് തിങ്കളാഴ്ച രാത്രി പിടികൂടിയിരുന്നു. ഇതുകൂടാതെ കഞ്ചാവ് ലോബിയിൽ ഉൾപ്പെട്ട വട്ടപ്പറമ്പ് സ്വദേശിയെത്തേടി വീട്ടിലും മറ്റ് കേന്ദ്രങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളുടെ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ​ നെയ്യാർഡാം,​ മാറനല്ലൂർ സ്റ്റേഷനുകളിൽ ആക്രമണം നടത്തിയത് ഇതേസംഘമാണെന്നും പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് റൂറൽ എസ്.പി ഡോ.ദിവ്യ വി. ഗോപിനാഥ്,​ കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത്,​ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ​ ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഫോട്ടോ: പെട്രോൾ ബോംബ് ആക്രമണത്തിൽ

പൊലീസ് ജീപ്പിന്റെ ഗ്ളാസ് തകർന്ന നിലയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY