ഇടുക്കി: പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ആൺസുഹൃത്തായ വട്ടപ്പാറ സ്വദേശി നിഷാന്തിനെ(19) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബോഡിനായ്ക്കന്നൂർ സ്കൂളിൽ ഒന്നിച്ചുപഠിച്ച സമയത്താണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായത്. കല്യാണം കഴിക്കണമെന്ന ആവശ്യവുമായി പതിനൊന്നാം തീയതി പെൺകുട്ടിയെ യുവാവ് പൂപ്പറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിഷാന്തിന്റെ ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതിനിടെയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രകോപിതനായ യുവാവ് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മുഖത്ത് കല്ലുകൊണ്ടടിച്ച് മരണം ഉറപ്പാക്കിയെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു. ശേഷം ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചിരുന്ന മൃതദേഹം രാത്രിയോടെ പാമ്പള ഡാമിനരികിലെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതുകഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ സംശയം. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം നടത്തും. അതിന് ശേഷമേ കൊലപാതകത്തിൽ കൂടുതൽ വ്യക്ത നൽകാനാകൂവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കാണാതായ ദിവസം തമിഴ്നാട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം ഊർജിതമായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. യുവാവും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ധാരണയുള്ള വീട്ടുകാർ ആ വിവരം പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 19കാരൻ പിടിയിലായത്.
An 18-year-old girl from Tamil Nadu was allegedly murdered by her 19-year-old boyfriend, who burned her body near Pambla Dam in Idukki. The accused has been taken into police custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |