SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.43 PM IST

മാർട്ടിൻ വീട്ടിൽ നിന്ന് പുലർച്ചെ പോയതായി ഭാര്യയുടെ മൊഴി; കളമശേരി സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

READ ENGLISH VERSION
dominic-martin

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. തമ്മനത്ത് ഇയാൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പരിശോധന. മാർട്ടിൻ പുലർച്ചെ അഞ്ച് മണിയ്ക്ക് വീട്ടിൽ നിന്ന് പോയതായി ഭാര്യ മിനി പൊലീസിനോട് പറഞ്ഞു. എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞില്ലെന്നും ഭാര്യ മൊഴി നൽകി. സ്ഫോടനത്തിൽ മരിച്ച സ്ത്രീയെ കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്.

മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. ഇന്റർനെറ്റിലൂടെയാണ് ബോംബുണ്ടാക്കാൻ പഠിച്ചത്. പ്രാർത്ഥനായോഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വച്ചത്.

അതേസമയം, സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രിഗർ ചെയ്തത് റിമോട്ട് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രതി സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയാണെന്നും മാർട്ടിൻ പൊലീസിന് മൊഴി നൽകി.

നേരത്തെ ബോംബുവച്ചത് താൻ ആണെന്ന് അവകാശപ്പെട്ട് മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം മാർട്ടിൻ പറയുകയും ചെയ്തിരുന്നു. താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറഞ്ഞത്.

ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുണ്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, DOMINIC MARTIN, KALAMASSERY, BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY