SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.50 AM IST

യുവതിയുടെ ആത്മഹത്യ: സ്വർണം തട്ടിയ പ്രതി അറസ്റ്റിൽ

READ ENGLISH VERSION

crime

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമം കാരണം ജീവനക്കാരി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതി പിടിയിൽ.

സ്വർണം തട്ടിയെടുത്ത വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധു കുമാരിയെയാണ് (53) വിഴിഞ്ഞം പൊലീസ് മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ രാവിലെ അറസ്റ്റുചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു.

വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവാണ് (28) ശനിയാഴ്ച മരിച്ചത്. അഞ്ജുവിനൊപ്പം ആത്മഹത്യയ്‌ക്ക് ശ്രമിച്ച സഹപ്രവർത്തക വെങ്ങാനൂർ ചാവടിനട സ്വദേശി ഐശ്വര്യ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 30ന് ഇരുവരും ഷാർജയിൽ വിഷം ചേർത്ത് കുടിക്കുകയായിരുന്നു.

സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്‌തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാ കുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഇവർക്കെതിരെ പത്തിലധികം പരാതികൾ പൊലീസിന് ലഭിച്ചു.

പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ,ബാങ്ക് വിവരങ്ങൾ,ഫോൺ കാൾ വിവരങ്ങൾ എന്നിവ പരിശോധിക്കുമെന്നും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അടുത്തയാഴ്ച അപേക്ഷ നൽകുമെന്നും എസ്.എച്ച്.ഒ രെജി രാജ് പറഞ്ഞു എസ്.എച്ച്.ഒയെക്കൂടാതെ എസ്.ഐ കൃഷ്ണ ലാൽ,എ.എസ്.ഐ സനോജ്,സി.പി.ഒ റെജിൻ,ഡബ്ലിയു സി.പി.ഒ ഷീലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിശ്വാസം നേടിയ ശേഷം തട്ടിപ്പ്

മുമ്പ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന പ്രതി യുവതികളെ പരിചയത്തിലാക്കി വിശ്വാസ്യത നേടിയെടുത്തു. തുടർന്ന് യുവതികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇടപാടുകാർ പണയം വയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇയിൽ വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങും. സ്ഥാപന ഉടമ അറിയാതെയായിരുന്നു ഇത്.

എന്നാൽ ഈ സ്വർണം വിൽക്കുന്ന കാര്യം യുവതികൾക്ക് അറിയില്ലായിരുന്നു. പണയംവച്ചതിന്റെ കമ്മിഷനെന്ന പേരിൽ ഇവർക്ക് പണം നൽകി. ഇടപാടുകാർ വന്നപ്പോൾ ആദ്യം ഒരു തവണ പ്രതി സ്വർണം തിരികെ നൽകി. പിന്നീട് ഇടപാടുകാരെത്തിയപ്പോൾ പ്രതി സ്വർണം നൽകിയില്ല. ഇതോടെ യുവതികൾ കടം വാങ്ങി പണയംവച്ച തൂക്കത്തിനുള്ള സ്വർണം ഉടമസ്ഥർക്ക് വാങ്ങി നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്വർണം കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ സിന്ധുകുമാരി വിൽക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

' നിങ്ങൾ സന്തോഷമായി ജീവിക്കൂ'

ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. നിങ്ങളാണ് ഞങ്ങളെ ഇതിലേക്ക് നയിച്ചത്. കുട്ടികളെ ഉപേക്ഷിച്ച് ഞങ്ങൾ പോകുന്നു. ഇതല്ലാതെ വേറെ മാർഗമില്ല. നിങ്ങൾ സന്തോഷമായി ജീവിക്കൂ. ഇതായിരുന്നു സിന്ധുകുമാരിക്ക് യുവതികൾ അയച്ച അവസാന സന്ദേശം. സ്വർണം തിരികെ ആവശ്യപ്പെട്ട് നിരവധി വോയിസ് മെസേജുകൾ അയച്ചെങ്കിലും സിന്ധുകുമാരി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, FOLLOWUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY