ധാക്ക: നിയമവിദ്യാർത്ഥിയായ ഹിന്ദുയുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. 25കാരനായ സുഭാഷ് ഡ്യൂരിയാണ് മർദനത്തിന് ഇരയായത്. ഇയാളെ മോചിപ്പിക്കുന്നതിനായി കുടുംബത്തിൽ നിന്ന് പണം കൈക്കലാക്കിയ സംഘം യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് ധാക്കനഗരത്തിലെ നരിന്ദയിലെ റോഡരികിൽ പരിക്കേറ്റ നിലയിൽ സുഭാഷിനെ കണ്ടെത്തിയത്. തലയ്‌ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ ധാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ധാക്ക സെൻട്രൽ ലോ കോളേജിലെ വിദ്യാർത്ഥിയായ സുഭാഷ് സർവകലാശാലയിലെ കേന്ദ്ര ക്ഷേത്രത്തിൽ അസിസ്റ്റന്റ് പുരോഹിതനായി ജോലിചെയ്‌ത് വരികയായിരുന്നു.
തിങ്കളാഴ്‌ച രാത്രിയാണ് അജ്ഞാതസംഘം സുഭാഷിനെ തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകളോളം മർദിച്ച ശേഷം ബന്ധുക്കളെവിളിച്ച് പണം ആവശ്യപ്പെടാൻ
സംഘം യുവാവിനോട് പറഞ്ഞു. ചൊവ്വാഴ്‌ച പുലർച്ചെ കരഞ്ഞുകൊണ്ട് സഹോദരിയെ വിളിച്ച് ഇക്കാര്യം സുഭാഷ് അറിയിച്ചു. പണം അയച്ചുകൊടുത്തതിനുപിന്നാലെയാണ് അക്രമിസംഘം സുഭാഷിനെ മോചിപ്പിച്ചത്.
സുഭാഷിന്റെ മൊബൈൽ ഫോണും പഴ്‌സും നഷ്‌ടപ്പെട്ടിരുന്നു. തന്നെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തിയശേഷം അവ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സുഭാഷ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |