SignIn
Kerala Kaumudi Online
Saturday, 20 June 2026 7.58 AM IST

അന്നത്തെ കാലത്ത് ആരും അങ്ങിനെ ചെയ്യില്ല, രതീഷുമായി സുരേഷ് ഗോപി ഏറെ അടുക്കാൻ കാര്യം

READ ENGLISH VERSION
ratheesh-suresh-gopi

അച്ഛൻ പോയതിനു ശേഷം അമ്മയെയും തങ്ങളേയും താങ്ങി നിർത്തിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറുമായിരുന്നെന്ന് നടൻ രതീഷിന്റെ മകനും അഭിനേതാവുമായ പദ്‌മരാജ് രതീഷ്. വളരെ അടുത്ത ആത്മബന്ധം സുരേഷ് ഗോപിയോട് രതീഷിനുണ്ടായിരുന്നു. ആ ബന്ധമാണ് ഇപ്പോഴും തങ്ങൾ കാത്തു സൂക്ഷിക്കുന്നതെന്ന് പദ്‌മരാജ് പറയുന്നു.

''അച്ഛനും അമ്മയും ഇല്ലെങ്കിലും അവരാണ് ഞങ്ങൾക്ക് അച്ഛനമ്മമാർ. ഞങ്ങളുടെ ഗോഡ്‌ഫാദേഴ്‌സ് ആണ് അവർ എന്നാണു ഞാൻ പറയാറ്. സിനിമയ്ക്ക് അപ്പുറം അവർ ഞങ്ങളുടെ കുടുംബമാണ്. അച്ഛൻ പോയതിനു ശേഷം അമ്മയെയും ഞങ്ങളേയും താങ്ങി നിർത്തിയത് സുരേഷ് ഗോപി അങ്കിളും നിർമാതാവ് സുരേഷ് കുമാർ അങ്കിളും അവരുടെ കുടുംബവുമാണ്. സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയും മക്കളും എനിക്ക് എന്റെ കുടുംബമാണ്. അവരുടെ മക്കളും ഞങ്ങളും സഹോദരങ്ങളെപ്പോലെ ആണ്. അച്ഛനും സുരേഷ് ഗോപി അങ്കിളും തമ്മിലുള്ള ബന്ധം ഞങ്ങൾ കാത്തുസൂക്ഷിച്ചു കൊണ്ടുപോവുകയാണ്.

സുരേഷ് ഗോപി അങ്കിൾ എന്നോട് പറഞ്ഞത് രാജാവിന്റെ മകൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അച്ഛൻ അച്ഛന്റെ കാറ് സുരേഷ് ഗോപി അങ്കിളിന് ഓടിക്കാൻ കൊടുത്തിരുന്നു, അന്നത്തെ കാലത്ത് അങ്ങനെ ആരും ചെയ്യില്ല. അദ്ദേഹം സുരേഷങ്കിളിനെ ഒരു അനുജനെപ്പോലെ കൊണ്ട് നടക്കുമായിരുന്നു. ശരിക്കും പറഞ്ഞാൽ അവർ ഒരുമിച്ച് അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഒരുമിച്ചുള്ളപ്പോൾ വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിൽ ആയിരുന്നു. ഞങ്ങൾ നാട്ടിൽ വരുമ്പോൾ സുരേഷ് കുമാർ അങ്കിൾ, സുരേഷ് ഗോപി അങ്കിൾ എന്നിവരുടെ വീട്ടിൽ പോകുമായിരുന്നു. അച്ഛൻ പോയതിന് ശേഷം ഞങ്ങളെ താങ്ങി നിർത്തിയത് അവരാണ്. സിനിമയ്ക്ക് അപ്പുറം അവർ ഞങ്ങളുടെ കുടുംബമാണ്.

സുരേഷ് ഗോപി അങ്കിൾ അർഹിച്ച വിജയം നേടി ഇപ്പോൾ ലോകസഭയിൽ എത്തി മന്ത്രി സ്ഥാനം നേടിയിരിക്കുകയാണ്. അദ്ദേഹം കഴിഞ്ഞ പ്രാവശ്യമേ വിജയിക്കാൻ ഉള്ളതാണ്. കുറച്ചു വൈകിപ്പോയി എന്നേ ഉള്ളൂ. നല്ല കാര്യങ്ങൾ എല്ലാം എപ്പോഴും താമസിച്ചേ വരൂ. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഇത്രയും നിഷ്കളങ്കനും ആത്മാർഥതയുള്ളതുമായ ആളെ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തെ വിജയിപ്പിച്ചതിലൂടെ തൃശൂരിലെ ജനങ്ങൾ ഏറ്റവും നല്ല കാര്യമാണ് ചെയ്തത് ഇനി അവർക്ക് വേണ്ടത് അവർക്ക് കിട്ടിയിരിക്കും. ഒരു പരിശുദ്ധനായ ആത്മാവാണ് അദ്ദേഹം. തുറന്ന ഹൃദയമാണ് അദ്ദേഹത്തിന്റേത് അതാണ് എല്ലാം തുറന്നു പറയുന്നത്.

അദ്ദേഹം പറയുന്ന കാര്യങ്ങൾ ചെയ്തിരിക്കും ഏറ്റെടുത്ത കാര്യങ്ങളെല്ലാം നടപ്പാക്കിയിരിക്കും. കേരളത്തിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അദ്ദേഹം നടപ്പാക്കി കൊടുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ കടമകൾ നിർവഹിക്കാനാണ് ഇപ്പോൾ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്, ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം നൂറുശതമാനം നടപ്പാക്കിയിരിക്കും''.- പദ്‌മരാജിന്റെ വാക്കുകൾ.

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎൻഎ എന്ന ക്രൈം ത്രില്ലറാണ് പദ്‌മരാജിന്റെ പുതിയ ചിത്രം. സിനിമയിൽ പൊലീസ് ഓഫീസറുടെ വേഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, RATHEESH, PADMARAJ RATHEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY