SignIn
Kerala Kaumudi Online
Sunday, 21 June 2026 8.15 AM IST

'ലിസ്റ്റിൻ വട്ടിപ്പലിശക്കാരുടെ ഏജന്റ്, താൽപര്യം സംസ്ഥാനത്തിന് പുറത്തുളള കളളപ്പണ ലോബിക്ക്'; വീണ്ടും വിമർശിച്ച് സാന്ദ്രാ തോമസ്

READ ENGLISH VERSION
sandra-thomas

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം കഴിഞ്ഞ ദിവസം വലിയ രീതിയിൽ ചർച്ചയായതായിരുന്നു. ലിസ്റ്റിന്റെ ആരോപണത്തിനെതിരെ നിർമാതാവ് സാന്ദ്രാ തോമസ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് സാന്ദ്രാ തോമസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

വട്ടിപ്പലിശക്കാരന്റെ ഗൂഢനീക്കത്തിന് കൂട്ടുനിൽക്കരുതെന്നും സാന്ദ്രാ തോമസ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും അവർ പ്രതികരിച്ചു. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവൃത്തികളിലും ഒരു ഒറ്റുകാരന്റെ ‍കൊതിയും കിതപ്പും കാണുന്നുണ്ടെന്നും അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നാടിനും ഒട്ടും നല്ലതല്ലെന്നും സാന്ദ്ര വ്യക്തമാക്കി.

ദിലീപ്‌ നായകനാകുന്ന പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ലോഞ്ചിനിടെയാണ് ലിസ്റ്റിൻ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. 'മലയാള സിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. പക്ഷേ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. പക്ഷേ അത് വേണ്ടായിരുന്നു. ഞാൻ പറയുന്നത് നടൻ കാണും. ആ നടൻ ചെയ്തത് തെറ്റാണെന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് ആവർത്തിക്കരുത്. കാരണം അത് തുടർന്നാൽ വലിയ പ്രശ്നമാകും'- ലിസ്റ്റിൻ പറഞ്ഞു.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്.തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമാവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്.

അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ...മ ലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. തിയേറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്.

ആർക്കാണ് ഇതുകൊണ്ടു നേട്ടം? ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണെന്നു നമുക്ക് അറിയാം.

ഇപ്പോൾ തിയേറ്ററിയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ പോലും വൻതുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകൾ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘മാജിക് ഫ്രെയിമിന്റെ’ നിയന്ത്രണത്തിലാണ്. മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണ് ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്.

ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ ‍കൊതിയും കിതപ്പും കാണുന്നുണ്ട്.

പക്ഷെ അതിനുവേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല.

വട്ടിപലിശക്കാരന്റെ സ്വാധീനവും താൽപര്യങ്ങളും കാരണം ഇപ്പോൾ ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണു മലയാളം ചാനൽ ലോകത്തുണ്ടാക്കിയിരിക്കുന്നത്. ഒരു സാധാരണ സിനിമ നിർമ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താൽപര്യമാണ്. അതിന്റെ കെടുതികൾ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവർത്തകരും മാദ്ധ്യമങ്ങളും തിരിച്ചറിയണം. ലിസ്റ്റിൻ സ്റ്റീഫൻ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം.

ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. തീർത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്.

ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നതും നിസഹായതയാൽ പിന്തുണക്കുന്നതും കാണുമ്പോൾ അതിയായ ദുഃഖം തോന്നുന്നു. മലയാള സിനിമയും അതിന്റെ നിർമ്മാതാക്കളും മറ്റ്‌ സാങ്കേതിക പ്രവർത്തകരും അതിന്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ, സാന്ദ്രാ തോമസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDRA THOMAS, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY