SignIn
Kerala Kaumudi Online
Saturday, 20 June 2026 12.37 PM IST

ഐശ്വര്യയ്ക്കൊപ്പം 18 വർഷം, ധനുഷിന്റെ ആ 'ജീവിതം' ദാമ്പത്യത്തെ ബാധിച്ചു, എല്ലാം ഒരു ഡിവോഴ്സിൽ അവസാനിപ്പിച്ചു

dhanush

2004ൽ ആയിരുന്നു തമിഴ്നടൻ ധനുഷും സംവിധായികയായ ഐശ്വര്യ രജനീകാന്തും വിവാഹിതരായത്. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ഇരുവരും 2022ൽ വേർപിരിയുന്നതായി പ്രഖ്യാപിച്ചു. 2024 നവബംർ 27ന് ഇരുവർക്കും കോടതി വിവാഹമോചനം അനുവദിച്ചു. എന്നിരുന്നാലും മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഇരുവരും ഒരുമിക്കാറുണ്ട്. 18 വർഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ആരാധകരിൽ ചോദ്യചിഹ്നം മാത്രമായാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ്.

നടൻ രജനീകാന്തിന്റെ മൂത്തമകളായ ഐശ്വര്യ 2004 നവംബർ 18ന് ആണ് ധനുഷിനെ വിവാഹം കഴിക്കുന്നത്. ധനുഷ് നായകനായി അഭിനയിച്ച കാദൽ കൊണ്ടയിൻ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് ഇരുവരും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. വിവാഹത്തിന് ശേഷം 2006ൽ മകൻ യാത്ര പിറന്നു. 2010ലായിരുന്നു രണ്ടാമത്തെ മകൻ ലിംഗ ജനിച്ചത്.

18 വർഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവരും സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ച് 2022 ജനുവരി 17ന് ആണ് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. തങ്ങൾ ഒരുമിച്ച് ജീവിച്ച വർഷങ്ങൾ വളർച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നെന്നാണ് അവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചത്. ഇരുവരും സഞ്ചരിച്ച വഴികൾ വേർപിരിയുന്ന ഘട്ടത്തിലാണെന്നും വ്യക്തികളെന്ന നിലയിൽ സ്വയം മനസിലാക്കാൻ സമയം ആവശ്യമാണെന്നും ദമ്പതികൾ അറിയിച്ചു.

എന്നാൽ വിവാഹ ജീവിതം അവസാനിപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് ഇരുവരും പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. അതിന് കാരണം വിവാഹേതര ബന്ധങ്ങളാണെന്നും കുടുംബ തർക്കങ്ങളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ ടുഡേ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ, ധനുഷിന്റെ സിനിമാ പ്രൊഫഷണൽ ജീവിതം ദാമ്പത്യ ജീവിതത്തെ ബാധിച്ചുവെന്നാണ് പറയുന്നത്. ഇരുവരുടെയും സുഹൃത്ത് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ റിപ്പോർട്ട്.

ധനുഷ് വർക്ക് ഹോളിക്കായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പതിവ് യാത്രകൾ, വിദേശത്തെ ഷൂട്ടിംഗ്, ഏറ്റെടുക്കുന്ന സിനിമകൾ തീർക്കാനുള്ള ശ്രമം എന്നിവ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കമുണ്ടാകുന്ന സമയത്തും ധനുഷ് മറ്റൊരു സിനിമാ പ്രോജക്ടിലേക്ക് കടക്കുമായിരുന്നു. ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അകന്നുനിൽക്കാനുള്ള ഒരു മാർഗമായാണ് അദ്ദേഹം ജോലിയെ കണ്ടിരുന്നത്. പെട്ടെന്നുള്ള ഒരു അഭിപ്രായവ്യത്യാസം കാരണം വേർപിരിയുന്നതായിരുന്നില്ല. വർഷങ്ങളായി ദമ്പതികൾ അകന്നു നിൽക്കുകയായിരുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വിവാഹമോചനത്തിന് ശേഷം അവർക്കിടയിൽ യാതൊരുവിധത്തിലുള്ള വിദ്വേഷവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് ആൺമക്കൾക്കുമാണ് അവർ എപ്പോഴും മുൻഗണന നൽകുന്നത്. മക്കളുടെ പരിപാടികളിൽ അവർ എപ്പോഴും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. വേർപിരിയൽ പ്രഖ്യാപിച്ച് രണ്ട് വർഷത്തിന് ശേഷം ധനുഷും ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയിൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13എ പ്രകാരമാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായിരുന്നു ഇരുവരുടെയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, DHANUSH, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY