SignIn
Kerala Kaumudi Online
Thursday, 20 August 2026 2.33 PM IST

മോഹൻലാലിന്റെ മാസ് ഇൻട്രോയും പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കും; ഖലീഫ റിവ്യൂ

prithwiraj-sukumaran
പൃഥ്വിരാജ് സുകുമാരൻ

പൃഥ്വിരാജ് സുകുമാരൻ നായകനായ ഓണം റിലീസ് ചിത്രം 'ഖലീഫ' തിയേറ്ററുകളിലെത്തി. ഗ്യാങ്സ്റ്റർ പാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് കുറ്റകൃത്യങ്ങളുടെ വലിയൊരു സാമ്രാജ്യം ഏറ്റെടുക്കുന്ന കുപ്രസിദ്ധ സ്വർണക്കടത്ത് തലവന്റെ കഥ പറയുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് 'ഖലീഫ'. മദ്ധ്യപൂർവേഷ്യ മുതൽ ഇന്ത്യ വരെ നീളുന്ന ക്രിമിനൽ പ്രവർത്തനങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

'പോക്കിരിരാജ'യ്ക്കുശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മോഹൻലാൽ അതിഥിവേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. കുടുംബ പാരമ്പര്യം, കുറ്റകൃത്യങ്ങൾ, പ്രതികാരം, ക്രിമിനൽ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടം എന്നിവയാണ് ഖലീഫയുടെ പ്രമേയം. ആദ്യ ഷോ കഴിയുമ്പോൾ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.

സിനിമയിലുടനീളം പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും, കഥയിലും ആഖ്യാനത്തിലും കാര്യമായ പുതുമയില്ല. പരിചിതമായ കഥാശൈലിയാണ് ചിത്രത്തിൽ പിന്തുടർന്നിരിക്കുന്നത്. മോഹൻലാലിന് പുറമെ മറ്റ് ചില താരങ്ങളുടെ അതിഥി വേഷങ്ങളും പ്രേക്ഷകർക്ക് സർപ്രൈസായി.

ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം ആക്ഷൻ രംഗങ്ങളാണ്. പല രംഗങ്ങളിലും ഹോളിവുഡ് ശൈലി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ചിലയിടങ്ങളിൽ അത് വേണ്ടത്ര ഫലിച്ചിട്ടില്ലെന്ന വിമർശനമുണ്ട്. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ച് മോഹൻലാലിന്റെ അതിഥി വേഷം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മോഹൻലാലിന്റെ കഥാപാത്രത്തിന് ചിത്രത്തിൽ പ്രാധാന്യമുണ്ടാകുമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ രംഗം പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.

പൃഥ്വിരാജിന്റെ ലുക്കും സ്‌ക്രീൻ പ്രസൻസും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും സിനിമയിൽ എടുത്തുപറയേണ്ട ഘടകങ്ങളാണ്. എന്നാൽ, കഥ പറയുന്ന രീതി അത്രയധികം ആവേശം ജനിപ്പിക്കുന്നില്ല. സ്വർണക്കടത്ത് രംഗങ്ങൾ പഴയ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും തോന്നും. അതേസമയം, കുറ്റവാളികൾ വിമാനത്താവളത്തിലൂടെ വിവിധ രീതിയിൽ സ്വർണം കടത്തുന്നതിന്റെ രംഗങ്ങൾ പ്രേക്ഷകർക്ക് കൗതുകം നൽകുന്നുണ്ട്.

കഥയിലും കഥപറച്ചിലിലും വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളുടെ പ്രകടനവും ഇടയ്ക്കിടെയെത്തുന്ന ട്വിസ്റ്റുകളും സർപ്രൈസുകളും 'ഖലീഫ'യെ ഒരു ശരാശരി സിനിമയാക്കി മാറ്റുന്നു. നീൽ നിതിൻ മുകേഷ്, ഇന്ദ്രൻസ്, സഞ്ജു ശിവറാം, ഷമ്മി തിലകൻ എന്നിവരുടെ പ്രകടനവും മികച്ചതായി. ചില ആക്ഷൻ സീക്വൻസുകൾ പ്രത്യേകിച്ച് യുകെ ഫൈറ്റും ബ്രിഡ്ജ് ഫൈറ്റും, പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. അതേസമയം, ഇന്റർവെല്ലിന് തൊട്ടുമുമ്പുള്ള 30 മിനിറ്റും മോഹൻലാലിന്റെ ബിൽഡ്അപ്പ് രംഗങ്ങളും മികച്ച തിയേറ്റർ അനുഭവം നൽകുന്നുണ്ട്. ജിനു എബ്രഹാമാണ് തിരക്കഥ.ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിച്ചു.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടർസ്: ചേതൻ ഡിസൂസ യാനിക് ബെൻ ഫീനിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവിയർ.

English Summary

"Khalifa," Prithviraj Sukumaran's Onam release, is an action crime thriller about a gold smuggler inheriting a criminal empire. Directed by Vysakh and featuring a Mohanlal guest role, the film has opened to mixed reviews. While performances and action received praise, critics noted a lack of originality in its story and narration, contributing to an average audience reception.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHALIFA, KHALIFA MOVIE REVIEW, PRITHVIRAJ SUKUMARAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY