
എസ്.എസ്.എൽ.സി ഭൗതികശാസ്ത്ര പരീക്ഷ ഒറ്റനോട്ടത്തിൽ സിംപിളാണെങ്കിലും കുട്ടികളെ അല്പം വലച്ചു. ഒരു സ്‌കോറിനുള്ള രണ്ടാമത്തെ ചോദ്യം സാധാരണയായി പ്രതിബിംബങ്ങളുടെ എണ്ണം കണ്ടെത്താനുള്ളതായിരുന്നു. എന്നാൽ,പ്രതിബിംബത്തിന്റെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി കോൺ കണ്ടെത്താൻ ആവശ്യപ്പെട്ടത് കുട്ടികളെ അമ്പരപ്പെടുത്തിയിട്ടുണ്ടാവും. രണ്ട് മാർക്കിന്റെ എട്ടാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഒന്നിലധികം ആശയങ്ങളെ സംബന്ധിച്ച് ബോദ്ധ്യം വേണ്ടിവന്നു.
രണ്ട് മാർക്കിന്റെ പത്താമത്തെ ചോദ്യത്തിന്റെ ആശയം ആനുകാലിക പ്രസക്തിയുള്ളതാണെങ്കിലും ശരാശരി വിദ്യാർത്ഥിക്ക് ചോദ്യം ഗ്രഹിക്കാനാവില്ല. മൂന്ന് മാർക്കിന്റെ പന്ത്രണ്ടാമത്തെ ചോദ്യത്തിൽ നൽകിയിരിക്കുന്ന ചിത്രം കുട്ടികൾക്ക് തീർത്തും അപരിചിതമായിരുന്നു. നാലുമാർക്കിന്റെ പതിനാറാമത്തെ ചോദ്യത്തിന്റെ (ബി) ഉപചോദ്യം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറിൽ സഫല പ്രതിരോധം കണ്ടെത്താനായിരുന്നു. എന്നാൽ,അതേ ചോദ്യം മലയാളം മീഡിയം ചോദ്യപേപ്പറിൽ സഫല വോൾട്ടത കണ്ടെത്താനായി മാറി. ഒരുഘട്ടം കൂടി കടന്ന് ചിന്തിച്ചാലേ മലയാളം മീഡിയം കുട്ടികൾക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവൂ. അതിനുള്ള സ്‌കോർ നൽകിയിട്ടുമില്ല.
പതിനെട്ടാമത്തെ ചോദ്യത്തിൽ സാധാരണ ഉപയോഗിക്കുന്ന മീറ്റർ, സെന്റീമീറ്റർ എന്ന യൂണിറ്റുകൾക്ക് പകരമായി മില്ലീമീറ്റർ എന്ന് രേഖപ്പെടുത്തിയത് താഴ്ന്ന നിലവാരമുള്ള കുട്ടികളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകും. താഴ്ന്ന നിലവാരക്കാർക്ക് ജയിക്കാനും മികച്ച നിലവാരക്കാർക്ക് എ പ്ലസ് നേടാനും ഭൗതികശാസ്ത്ര പരീക്ഷ തടസ്സമായാൽ അദ്ഭുതപ്പെടേണ്ടതില്ല.
തയ്യാറാക്കിയത്:
ബിനു ആന്റണി
അദ്ധ്യാപകൻ
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌കൂൾ,തിരുവനന്തപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |