
തിരുവനന്തപുരം: മെസിത്തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമം ചുമത്തുന്നതിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും. ഗോവയിൽ നിന്ന് ഇന്ന് വൈകിട്ടോടെ ഗവർണർ ആർ.വി. ആർലേക്കർ ലോക്ഭവനിലെത്തും. കേസെടുക്കാൻ അനുമതി തേടിയുള്ള സർക്കാർ ഫയലിൽ ആവശ്യമെങ്കിൽ നിയമോപദേശവും തേടും.
ആർലേക്കർ തമിഴ്നാട് ഗവർണറായി 22ന് ചുമതലയേൽക്കും. അതിനു മുൻപ് തീരുമാനമുണ്ടായേക്കും. എസ്.ഐ.ടി അഴിമതി കണ്ടെത്തിയതിനാൽ അത് പ്രാഥമികാന്വേഷണമായി കണക്കാക്കി കേസെടുക്കാമെന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി സർക്കാരിന് നൽകിയ നിയമോപദേശം. ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും നിയമോപദേശം നൽകിയിരുന്നു.
എന്നാൽ മന്ത്രിയായിരുന്നപ്പോഴുള്ള അഴിമതിയായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി വേണമെന്നാണ് നിയമ സെക്രട്ടറി പി.എൻ. വിനോദിന്റെ നിയമോപദേശം. ഗവർണറുടെ മുൻകൂർ അനുമതി നേടിയില്ലെന്ന കാരണത്താൽ കേസ് റദ്ദാക്കാനിടയുണ്ടെന്നും നിയമ സെക്രട്ടറി സർക്കാരിനെ അറിയിച്ചിരുന്നു.
അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, കമ്പനിയുടെ എം.ഡി ആന്റോ അഗസ്റ്റിൻ എന്നിവരും പ്രതികളാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |