
തിരുവനന്തപുരം: രാജ്യാന്തര ലഹരിക്കടത്ത് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന എട്ടാം പ്രതി ഷോൺ സുനിൽ ബെർട്ടിനെ യു.എ.ഇയിൽനിന്ന് കേരളത്തിലെത്തിച്ച് എക്സൈസ് വകുപ്പ്. കേരളത്തിൽ ലഹരിക്കേസിൽ പ്രതിയായ ഒരാളെ വിദേശരാജ്യത്തുനിന്ന് നിയമപരമായ നടപടിക്രമങ്ങളിലൂടെ തിരിച്ചെത്തിക്കുന്നത് ആദ്യമായിട്ടാണ്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2023 ജൂലൈ 9ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മേഖലയിൽ പുളിമാത്ത് നെറ്റ് ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു. ആദ്യ നാലു പ്രതികളെ സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിൽ അഞ്ചും ആറും ഏഴും പ്രതികളെ പിടികൂടി. എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ട് വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 2024 ജൂൺ 21ന് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ , ഇന്റർപോൾ എന്നിവയുമായി എക്സൈസ് വകുപ്പ് ഏകോപനം നടത്തി. മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബുദാബി എൻ.സി.ബി പ്രതിയെ വിമാനത്താവളത്തിൽവെച്ച് കസ്റ്റഡിയിലെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് പി.എസ്.യുടെ നേതൃത്വത്തിലുള്ള സംഘം യുഎഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങി. ഒക്ടോബർ 16ന് യുഎഇ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രതിയെ കേരള എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഒക്ടോബർ 17ന് പ്രതിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |