കൊച്ചി: വാഹനാപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ട് കൃത്രിമ അവയവങ്ങൾ വയ്ക്കേണ്ടിവരുന്ന സംഭവങ്ങളിൽ, അവ ഇടയ്‌ക്കിടെ മാറ്റിവയ്‌ക്കേണ്ടി വരുന്നതിനുള്ള ചെലവും ചേർത്ത് നഷ്ടപരിഹാരം നിശ്ചയിക്കണമെന്ന് ഹൈക്കോടതി. കാറിടിച്ച് വലതുകാൽ മുട്ടിന് മുകളിൽ മുറിച്ചുനീക്കേണ്ടിവന്ന യുവാവിനുള്ള നഷ്ടപരിഹാരം 19.54 ലക്ഷത്തിൽ നിന്ന് 54.98 ലക്ഷം രൂപയായി ഉയർത്തിയ ഉത്തരവിലാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ വിലയിരുത്തൽ.
കണ്ണൂർ സ്വദേശിയാണ് തലശേരി മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ കുറഞ്ഞ നഷ്ടപരിഹാരം നിശ്ചയിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 2008ൽ ഹർജിക്കാരന് 24 വയസുണ്ടായിരുന്നപ്പോഴാണ് അപകടം. ട്രൈബ്യൂണൽ കൃത്രിമക്കാൽ വയ്‌ക്കാനായി കണക്കാക്കിയത് 3.47 ലക്ഷം രൂപയാണ്. ഇത് നിശ്ചിത ഇടവേളകളിൽ മാറ്റി പുതിയത് വയ്‌ക്കാനുള്ള തുകയും പരിപാലനച്ചെലവും ട്രൈബ്യൂണൽ പരിഗണിച്ചില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അപകടസമയത്ത് ഷാർജയിൽ ജോലി ഉണ്ടായിരുന്നതും കണക്കിലെടുത്തില്ല.
ശരീരത്തിനുണ്ടാകുന്ന പരിക്കിന് മാത്രമല്ല നഷ്ടപരിഹാരം നൽകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. സമ്പൂർണ ജീവിതം നയിക്കാനാകാത്തതും കണക്കിലെടുക്കണം. കാൽ നഷ്ടപ്പെട്ടത് ചലനശേഷി, വരുമാനം, വിവാഹം തുടങ്ങിയവയെ ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് ന്യായമായ നഷ്ടപരിഹാരമാണ് നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |