
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുമ്പോൾ കീഴ്ക്കോടതികളും പൊലീസും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൈപ്പുസ്‌തകം തയ്യാറായി. നാഷണൽ ജുഡിഷ്യൽ അക്കാഡമിയുടെ വിദഗ്ദ്ധസമിതി തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ സുപ്രീംകോടതി അംഗീകരിച്ചു.
മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന് ഒരു കേസിൽ അലഹബാദ് ഹൈക്കോടതി വിധിച്ചത് വിവാദമായിരുന്നു. തുടർന്ന് സുപ്രീംകോടതി സ്വമേധയാ ഇടപെട്ട് വിധി റദ്ദാക്കി. തുടർന്നാണ് ലൈംഗികപീഡന കേസുകളിൽ കോടതികൾ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച മാർഗരേഖ തയ്യാറാക്കാൻ അക്കാഡമിയെ ചുമതലപ്പെടുത്തിയത്.
സുപ്രീംകോടതി, ഹൈക്കോടതികൾ,ജില്ലാകോടതികൾ എന്നിവയുടെ വെബ്സൈറ്റുകളിൽ മാർഗനിർദ്ദേശങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോഴും,കുറ്റപത്രം സമർപ്പിക്കുമ്പോഴും കൈപ്പുസ്‌തകത്തിലെ നിർദ്ദേശങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ പാലിക്കപ്പെടണം. ഇതുറപ്പാക്കാൻ സംസ്ഥാനങ്ങളിലെ പ്രോസിക്യൂഷൻ ഡയറക്‌ടർ,ഡി.ജി.പിമാർ എന്നിവർക്കും നിർദ്ദേശം നൽകി.
ദേശീയ- സംസ്ഥാന ജുഡിഷ്യൽ അക്കാഡമികൾക്കും, നാഷണൽ ലാ യൂണിവേഴ്സിറ്റികൾക്കും, രാജ്യത്തെ സർവകലാശാലകളിലെ ലാ ഡിപ്പാർട്ടുമെന്റുകൾക്കും മാർഗനിർദ്ദേശങ്ങൾ അയച്ചു കൊടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |