
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ എസ്.ഐ.ടി റിപ്പോർട്ടിന്മേൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനോട് രേഖാമൂലം വിശദീകരണം തേടി. ഇന്ന് വിശദീകരണം നൽകിയേക്കും. കേസ് അട്ടിമറിയിൽ അജിത്തിന്റെ പങ്ക് വ്യക്തമാക്കിയുള്ളതാണ് എസ്.ഐ.ടിയുടെ തുടരന്വേഷണ റിപ്പോർട്ട്. അജിത്തിന്റെ വിശദീകരണവും ഡി.ജി.പിയുടെ ശുപാർശയും ഉൾപ്പെടുത്തി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഡി.ജി.പി കൈമാറും. അജിത്തിനെ സസ്പെൻഡ് ചെയ്യാനാണ് സാദ്ധ്യത.
ഈ മാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻഅഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ലഭിക്കില്ല. അതിനാൽ എസ്.ഐ.ടി റിപ്പോർട്ടിൽ നടപടി വൈകിപ്പിക്കുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്ന് അതിവേഗത്തിൽ തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ എസ്.ഐ.ടിയോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയാണ് എസ്.ഐ.ടി റിപ്പോർട്ട് കൈമാറിയത്.
അജിത്തിനെ സസ്പെൻഡ് ചെയ്താൽ ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കില്ല. എസ്.പി.ജിയിലുള്ള സുരേഷ് രാജ് പുരോഹിതാണ് 1995 ബാച്ചിലെ സീനിയർ. കേന്ദ്രസർവീസിലായാലും അദ്ദേഹത്തിന് ഡി.ജി.പി ഗ്രേഡ് നൽകും. അടുത്ത പരിഗണനയിലുള്ളത് അജിത്കുമാറാണ്. ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർ അംഗങ്ങളായ സ്ക്രീനിംഗ് സമിതി അജിത്തിന് ഡി.ജി.പി ഗ്രേഡ് നൽകാൻ ശുപാർശ ചെയ്തില്ലെങ്കിൽ 1996ബാച്ചിലെ എസ്.ശ്രീജിത്തിന് ലഭിക്കും.
മുൻ മുഖ്യമന്ത്രി നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ക്രമസമധാനച്ചുമതലയുള്ള എ.ഡി.ജി.പിയായിരുന്ന അജിത് കുമാർ ശ്രമിച്ചെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |