
മലപ്പുറം: കനത്ത പേമാരിയിൽ പല ജില്ലകളും മുങ്ങിത്തപ്പുമ്പോൾ, കണക്കിൽ ഇപ്പോഴും മഴക്കുറവു തന്നെ. കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം കാലവർഷത്തിൽ മഴക്കുറവ് 23 ശതമാനം!
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴക്കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ആഗസ്റ്റ് 6 വരെ പ്രതീക്ഷിച്ച 1407.7 മില്ലീമീറ്റർ മഴയ്ക്ക് പകരം ലഭിച്ചത് 1089.7 മില്ലീമീറ്റർ മാത്രം. ജൂൺ, ജൂലായ് മാസങ്ങളിൽ പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ശക്തമായ 'എൽനിനോ"പ്രതിഭാസമാണ് കാലവർഷത്തിന്റെ താളം തെറ്റിച്ചത്. ജൂൺ 1 മുതൽ ജൂലായ് 31 വരെ സംസ്ഥാനത്ത് 34 ശതമാനത്തിന്റെ വലിയ മഴക്കുറവായിരുന്നു.
ഇക്കാലയളവിൽ ലഭിക്കേണ്ട 1,301.7 മില്ലീമീറ്റർ മഴയ്ക്ക് പകരം വെറും 853.8 മില്ലീമീറ്ററാണ് ലഭിച്ചത്. ആഗസ്റ്റ് ആദ്യവാരത്തിൽ പെയ്തിറങ്ങിയ പ്രളയസമാനമായ തീവ്രമഴയ്ക്ക് പോലും കഴിഞ്ഞ രണ്ടുമാസത്തെ വൻമഴക്കമ്മി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
ഹൈറേഞ്ചിലും മഴക്കമ്മി
മലയോര മേഖലകളെയാണ് മഴക്കമ്മി ഗുരുതരമായി ബാധിച്ചത്. വയനാടിൽ സാധാരണ ലഭിക്കേണ്ട 1766.1മില്ലീമീറ്റർ മഴയ്ക്ക് പകരം ലഭിച്ചത് വെറും 871.3 മില്ലീമീറ്റർ മാത്രം. കുറവ് 51 ശതമാനം!. ഇടുക്കിയിൽ 1719.2 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് പെയ്തത് 943.5 മില്ലീമീറ്റർ മാത്രം (45% കുറവ്). കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മഴക്കുറവുണ്ടെങ്കിലും അത് സാധാരണ പരിധിക്കുള്ളിലാണ്. തിരുവനന്തപുരത്ത് (3%) മാത്രമാണ് പ്രതീക്ഷിച്ച അളവിൽ പെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |