SignIn
Kerala Kaumudi Online
Thursday, 02 July 2026 6.23 PM IST

കുടുംബത്തിന്റെ അവസ്ഥ മനസിലാകുന്നു, മറുപടി നൽകാൻ സമയം ആവശ്യമാണെന്ന് അമൃതയോട് എയർ ഇന്ത്യ

READ ENGLISH VERSION
amritha

എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് കാരണം തന്റെ ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോയ അമൃതയ‌്ക്ക് മറുപടി നൽകി എയർ ഇന്ത്യ കമ്പനി.

അമൃത നൽകിയ പരാതി പരിശോധിക്കുകയാണെന്നും, മറുപടി നൽകാൻ സമയം ആവശ്യമാണെന്നും എയർ ഇന്ത്യയുടെ നോഡൽ ഓഫിസറുടെ പ്രതികരണത്തിൽ പറയുന്നു. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതായും ദുഃഖത്തിൽ പങ്കുചേരുന്നതായും കമ്പനി അറിയിച്ചു.

എയർ ഇന്ത്യ അധികൃതർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇ–മെയില്‍ അയയ്ക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്ക് ഇ മെയിൽ അയച്ചത്.

അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന ഭര്‍ത്താവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയര്‍ ഇന്ത്യയ്ക്ക് അയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടു. തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും അമൃത മെയിലിൽ ചൂണ്ടിക്കാട്ടി.

ഈ മാസം ഏഴിനാണ് മസ്‌കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. ഭർത്താവിനെ കാണാൻ അമൃതയും അമ്മ ചിത്രയും എട്ടിന് രാവിലത്തെ എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയതായി അറിയുന്നത്. പിറ്റേന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കമ്പനി പറഞ്ഞെങ്കിലും നടന്നില്ല. ഭ‌ർത്താവിനെ പരിചരിക്കാനുള്ള അമൃതയുടെ യാത്ര അങ്ങനെ മുടങ്ങി.

വിവരമറിഞ്ഞ രാജേഷ്, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും നാട്ടിലേക്ക് വരാമെന്ന് അറിയിച്ചിരുന്നു. 26ന് എത്താനിരിക്കയായിരുന്നു.13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്. രാജേഷിന്റെ സ്വദേശം മധുരയിലാണ്. ഒൻപതുവർഷമായി മസ്‌കറ്റിലാണ്. മൂത്തമകൾ അനിക ഇനി ഒന്നാം ക്ലാസിലാണ്. മകൻ ശൈലേഷ് എൽ.കെ.ജിയിലേക്കും. രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് അമൃത. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചതിന് പിന്നാലെ മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ എക്‌സ്‌‌പ്രസിന്റെ ഈഞ്ചക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. രാജേഷിന്റെ ഭാര്യാ പിതാവ് ഓഫീസിനുള്ളിലിരുന്നാണ് പ്രതിഷേധിച്ചത്.

പണിമുടക്കിൽ പ്രതിസന്ധിയിലായ യാത്രക്കാരുടെ കൂട്ടത്തിലുള്ള അമൃതയുടെ വീഡിയോ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എങ്ങനെയെങ്കിലും പോയേ പറ്റൂ എന്നാണ് നിസഹായയായി അമൃത അന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വിമാനത്താവളത്തിൽ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് അപേക്ഷിച്ചുവെന്നാണ് അമൃതയുടെ അമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവർ നിറകണ്ണുകളോടെ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITA, NAMBI RAJESH, AIR INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA