SignIn
Kerala Kaumudi Online
Thursday, 10 September 2026 2.00 AM IST

പാർട്ടിയാണ് വലുത്, നേതാക്കളല്ല: ബേബി

1

' പിണറായി വിജയനടക്കം നേതാക്കൾക്കെതിരായുള്ള നീക്കം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കേരളത്തിലെ പാർട്ടിയുടെ അധികാര പരിധിയിലുള്ളതാണ്. പക്ഷേ, എല്ലാം കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാവും. താഴെത്തട്ടുമുതൽ മുകളിൽവരെ കേരളത്തിലെ പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാവും.'

.............................................

' പാർട്ടിയാണ് വലുത്. നേതാക്കളല്ല. ത്രിപുരയിലും ബംഗാളിലും സംഭവിച്ച അപചയം കേരളത്തിലുണ്ടാവരുത്. പിണറായി വിജയനടക്കം നേതാക്കൾക്ക് എതിരായുള്ള നീക്കം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കേരളത്തിലെ പാർട്ടിയുടെ അധികാര പരിധിയിലുള്ളതാണ്. പക്ഷേ, എല്ലാം കോഴിക്കോട്ട് 13 മുതൽ 15 വരെ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാവും.'--സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി.കേരളകൗമുദിയോട് പറഞ്ഞു.പഞ്ചാബിലെ ലുധിയാനയിൽ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, അതിലേക്ക് നീണ്ട വഴികൾ, നേതാക്കൾ ജനങ്ങളിൽ നിന്നകന്നോ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുപോകണം, ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ. എല്ലാം ചർച്ച ചെയ്യുന്നതിനാലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്ന് പേരിട്ടത്. പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാവും. ബംഗാളിലാണ് ആദ്യം നടന്നത്. ഇപ്പോൾ കേരളത്തിലും.ബേബി പറയുന്നു.

?എന്തിനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി

2000ത്തിൽ തിരുവനന്തപുരത്ത് പാർട്ടി സ്പെഷ്യൽ കോൺഫറൻസ് നടന്നിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുക, ശിഥിലീകരിക്കാനൊരുങ്ങുന്ന ശക്തികളെ ആശയപരമായി നേരിടുക. ഇടയ്ക്ക് പാലക്കാട് ചേർന്ന പ്ലീനവും അങ്ങനെയായിരുന്നു. കേരളത്തിൽ തിരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടു എന്നത് വസ്തുതയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും ആലോചിക്കാത്ത പരാജയം. അതിൽ നിന്നൊരു തിരിച്ചുവരവ് അത്യാവശ്യമാണ്. അതിനുള്ള അജണ്ടകളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ചേർന്ന സ്റ്റേറ്റ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ചർച്ച. താഴെത്തട്ടുമുതൽ മുകളിൽവരെ കേരളത്തിലെ പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാവും.

?വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഒരുമാറ്റം കേരളത്തിലെ സി.പി.എമ്മിൽ പ്രതീക്ഷിക്കാമോ

അതാണ് പറഞ്ഞത്. മാറ്റമുണ്ടാവും. പക്ഷേ, ആ മാറ്റം നിങ്ങൾ ഉദ്ദേശിക്കുന്നത് ആകണമെന്നില്ല. മാറ്റത്തെ ആർക്കും തടയാനാവില്ല. അത് പ്രപഞ്ചസത്യമാണ്. കേരളത്തിലെ പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങണം. അതാണ് പ്രധാന മാറ്റം. ആകെ ഒരു നവീകരണം നടക്കും. രണ്ടു ദിവസം നടന്ന സംസ്ഥാന സമിതി പോലല്ല കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി. അവിടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പോഷക സംഘടനാ നേതാക്കളുമൊക്കെ ഉണ്ടാകും. അവരുടെയൊക്കെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാവും. കേൾക്കാൻ ഞാനടക്കം കേരളത്തിന് പുറത്തുനിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുമുണ്ടാവും. അപ്പോൾ ഒരു മാറ്റം സി.പി.എമ്മിൽ പ്രതീക്ഷിക്കാം.

?പിണറായിക്കും റിയാസിനുമെതിരായ നീക്കം കൂടുതൽ ചൂടുപിടിപ്പിക്കുകയല്ലേ

അത് സംസ്ഥാന പാർട്ടിയിലെ കാര്യമാണ്. മറുപടി സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതലൊന്നും പാർട്ടി ജനറൽ സെക്രട്ടറിക്ക് പറയാനില്ല. എന്നെക്കൊണ്ട് പറയിപ്പിക്കാൻ നോക്കേണ്ട.

?ഇ.ഡി നീക്കത്തിൽ പൊളിറ്റ് ബ്യൂറോ ഡീൽ ആരോപണം ഉയർത്തിയിട്ടുണ്ടല്ലോ

കെ.പി.സി.സി പ്രസിഡന്റ് ഇ.ഡി നീക്കത്തെ ന്യായീകരിച്ചതോടെ ഡീൽ വ്യക്തമാണ്. കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാവുന്നത്. വിഷയത്തിൽ കേസെടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിനോട് പറയാനുള്ളത്. ഇ.ഡിയുടെ ഏജൻസിയായി വി.ഡി.സതീശൻ സർക്കാർ മാറരുത്. ഇ.ഡി കേസിനെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും.

?പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയിട്ടുണ്ടോ. അണികൾക്കാണ് തെറ്റുപറ്റിയതെന്ന് വിമർശനമുണ്ട്

വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പ്രധാന ഉദ്ദേശ്യം അതാണ്. ഈ പാർട്ടി ജനങ്ങളുണ്ടാക്കിയതാണ്. അപ്പോൾ ജനങ്ങളിൽ നിന്ന് അകന്നുപോകരുത്. ജനകീയ പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടലുണ്ടാവണം. പോയവർ തിരിച്ചുവരണം. അതായിരിക്കും പ്രധാന പോയിന്റ്.

?കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളാണ് ഇത്രയും വലിയ തോൽവിയുടെ കാരണമെന്ന് വിമർശനമുണ്ട്.

അത്തരം വിമർശനങ്ങൾ കൂടി ചർച്ച ചെയ്യാനാണല്ലോ വിപുലീകൃത സംസ്ഥാന കമ്മിറ്റി. വരട്ടെ, കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA