
തിരുവനന്തപുരം: ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വഴങ്ങാൻ മനസില്ലെന്നും ഏത് കേസ് വന്നാലും നേരിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ കേസിൽ ഉൾപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് നടക്കുന്നത്. ഇനിയും പല കേസും വരും, പ്രതിരോധിച്ച് മുന്നോട്ടു പോകും. ഒരു കത്തിനൊന്നും വലിയ വിലയില്ല. യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ഇ.ഡി. നടപടിയിൽ ദേശീയ തലത്തിൽ കോൺഗ്രസിന് മറ്റൊരു നിലപാടാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ ഒരു നിലപാട്. അവരിൽ തന്നെ ചിലർ ഇവിടെ വന്ന് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ലെന്നാണ് ചോദിച്ചത്. ബി.ജെ.പി- കോൺഗ്രസ് ഡീൽ രൂപപ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.
സി.എം.ആർ.എൽ പണം നൽകിയവരുടെ കൂട്ടത്തിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമുണ്ട്. സംഭാവനയായി വാങ്ങിയതാണെന്ന് അവർ സമ്മതിച്ചതാണ്. അതിൽ കേസെടുക്കാൻ ഇ.ഡി തയ്യാറായിട്ടില്ല. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ നീക്കം പോലെ രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത്. കോടതികൾ തള്ളിക്കളഞ്ഞ കേസാണെന്നും ഗോവിന്ദൻ
പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |