
മാങ്കുളം: ആനക്കുളത്ത് അച്ഛൻ മകനെ കാപ്പിക്കമ്പു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫാണ് (28) കൊല്ലപ്പെട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛൻ ജോസഫ് (ജോയി- 52) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. അച്ഛനും മകനും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്നും പതിവായി വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് മദ്യലഹരിയിൽ വീട്ടിലെത്തിയ ജസ്റ്റിൻ പിതാവുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പിതാവ് ജോയി സമീപത്തെ ബന്ധുവീട്ടിലേക്ക് പോയി.
ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കുണ്ടായി. തുടർന്ന് ജോയി കാപ്പി കമ്പുകൊണ്ട് മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജോയി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജസ്റ്റിനെയും വിഷം കഴിച്ച് അവശനിലയിൽ കിടക്കുന്ന ജോയിയെയുമായിരുന്നു. നാട്ടുകാർ ഉടൻ മൂന്നാർ പൊലീസിൽ വിവരമറിയിച്ചു. കൊല്ലപ്പെട്ട ജസ്റ്റിൻ അവിവാഹിതനാണ്. അമ്മ: ഷാന്റി. ജിനിമോൾ ഏക സഹോദരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |