SignIn
Kerala Kaumudi Online
Thursday, 10 September 2026 2.00 AM IST

യു.ഡി.എഫ് ഇ.ഡിയുടെ ഏജന്റാകരുത് : പി.ബി

1

ന്യൂഡൽഹി: സി.എം.ആർ.എൽ കേസിൽ വി.ഡി.സതീശനും യു.ഡി.എഫും സർക്കാരും ഇ.ഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്ന് സി.പി.എം പി.ബി മുന്നറിയിപ്പ്. കേസ് രാഷ്‌ട്രീയ പ്രതികാരത്തിനുപയോഗിച്ചാൽ സർവ ശക്തിയുമുപയോഗിച്ച് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും പിബി പത്രക്കുറിപ്പിൽ പറയുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ പിബി അപലപിച്ചു.വീണയ്‌ക്കെതിരായ അന്വേഷണം അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിടാനുള്ള മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയാണിത്.

എന്നാൽ ഇ.ഡി നടപടിയെ അംഗീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കെ.പി.സി.സി അദ്ധ്യക്ഷന്റെ നിലപാട് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരായ ഇ ഡി നടപടികളെ കോൺഗ്രസ് എതിർക്കുമ്പോഴാണിത്. മുൻപ് കേരളത്തിലെ ഒരു കോൺഗ്രസ് എം.എൽ.എ പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ ഹർജികൾ തള്ളിയിരുന്നു. ഈ കേസാണ് ഇപ്പോൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA