SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.18 AM IST

സി.എ.ജി റിപ്പോർട്ട്, നികുതിയടയ്ക്കാതെ ഓടുന്നത്‌ 91,477 വാഹനങ്ങൾ

a

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കിട്ടാവുന്ന വരുമാനം മുഴുവൻ പിരിച്ചെടുക്കുന്നതിൽ മുൻ സർക്കാരിന് വൻവീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോർട്ട്.

2024-25 വർഷത്തെ ഒാഡിറ്റ് റിപ്പോർട്ടിലാണിത്. മോട്ടോർ വാഹന നികുതി പിരിക്കാൻ ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും പഴയ മട്ടിൽ മാന്വലായാണ് സംവിധാനം പ്രവർത്തിക്കുന്നത്. വാഹനഉടമകളുടെ സ്റ്റേറ്റ്മെന്റ് വിശ്വസിച്ചാണ് നികുതി പിരിവ്.

ഹരിത നികുതിയുണ്ടെങ്കിലും ഇൗടാക്കാറില്ല. കാലാവധി കഴിഞ്ഞ 91,477 വാഹനങ്ങളാണ് ഇതുമൂലം ഇപ്പോഴും നികുതിയടയ്ക്കാതെ ഒാടുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 32പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങളിൽ ഉൾപ്പെട്ട 344 വാഹനങ്ങളും ഇത്തരത്തിൽ നികുതിയടയ്ക്കാതെ ഒാടുന്നവയാണ്.

റെന്റ് എ ക്യാബ് സേവനങ്ങൾ നൽകുന്നതിന് സംസ്ഥാനത്ത് 461ഏജൻസികളുണ്ടെങ്കിലും ഫീസടച്ച് ലൈസൻസ് എടുത്തിട്ടുള്ളത് ഒൻപതെണ്ണം മാത്രം. കോൺട്രാക്ട് കാര്യേജുകളിൽ 1620 എണ്ണം മാത്രമാണ് സാധുവായ പെർമിറ്റ് എടുത്തിട്ടുള്ളത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

മാഹിയിൽ നിന്നടക്കം വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും 110720 ലിറ്റർ വിദേശമദ്യം രേഖകളൊന്നുമില്ലാതെ കടത്തിയതായാണ് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്. രജിസ്ട്രേഷൻ വിഭാഗത്തിൽ ഭൂമിയുടെ ന്യായവില സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായി. മാതൃസർവേ നമ്പറിൽ ലഭ്യമായ ന്യായവില സ്വീകരിക്കാത്തത്, ഭൂമിയുടെ തെറ്റായ തരംതിരിവ്, വസ്തുവിന്റെ വിഭജിച്ചുള്ള വിൽപ്പന എന്നിവയിലൂടെയും കോടികളുടെ നഷ്ടമാണ് വരുന്നത്.

പറമ്പിക്കുളം ആളിയാർ പദ്ധതിക്കായി അനുവദിച്ച ഭൂമിയുടെ പുതുക്കിയ ലൈസൻസ് ഫീസ് തമിഴ്നാട് സർക്കാരിൽ നിന്ന് ഇൗടാക്കാതിരുന്നതുമൂലം വനംവകുപ്പിന്റെ വരുമാനത്തിൽ 1.70 കോടി നഷ്ടമായി. ഇതിനുപുറമെ പാട്ടവാടക പിരിക്കാത്തതും കോടികളുടെ നഷ്ടം വരുത്തിയെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA