
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഫ്ളാറ്റിന്റെ പന്ത്രണ്ടാം നിലയിലിരിക്കുമ്പോൾ സ്മിത സലിമിന്റെ കവിളിലൂടൊഴുകിയ കണ്ണീരിന് ബാൽക്കണിക്കപ്പുറം തിളയ്ക്കുന്ന വെയിലിനെക്കാൾ ചൂടുണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി കാനഡയിലേക്ക് പറന്ന മകൾ സാൻഡ്ര സലിം ക്യാൻസർ ബാധിച്ച് വിടപറഞ്ഞത് 26 ദിവസം മുൻപാണ്. വയറുവേദനയ്ക്ക് കാനഡയിലെ ആശുപത്രിയിലെത്തിയ അവൾക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ല. ഓവറിയിലെ സിസ്റ്റിന്റെ ബയോപ്സിഫലത്തിന് എട്ടുമാസം കാത്തിരിക്കേണ്ടിവന്നു!
പ്ളസ് ടുവിന് പഠിക്കുമ്പോൾ സാൻഡ്ര സി.ബി.എസ്.ഇ കലോത്സവങ്ങളിലെ താരവും അമൃത ടി.വിയിലെ സൂപ്പർ ഡാൻസർ ജൂനിയറിൽ മത്സരാർത്ഥിയുമായിരുന്നു. സാൻഡ്ര സലിം എന്ന യൂട്യൂബ് ചാനലിൽ ആ ചുവടുകളുടെ മാസ്മരികത നിറയുന്നുണ്ടിപ്പോഴും. ഇൻസ്റ്റഗ്രാമിലെ പതിനായിരക്കണക്കിന് ആരാധകർ ഈ 27കാരിയുടെ മരണത്തിന്റെ ഞെട്ടലിലാണ്.
കണ്ണൂർ നിഫ്ടിൽനിന്ന് നാലുവർഷത്തെ പഠനം പൂർത്തിയാക്കി രണ്ടുവർഷം ബംഗളൂരുവിൽ ജോലി ചെയ്തിട്ടാണ് 2021ൽ സാൻഡ്ര കാനഡയിലെത്തിയത്. ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ളോമയായിരുന്നു ലക്ഷ്യം. ഭർത്താവും മെക്കാനിക്കൽ എൻജിനിയറുമായ ഋഷികേശ് സുദർശനനും ഒപ്പമുണ്ടായിരുന്നു.
കാനഡയിലെത്തി ഒരുവർഷമായപ്പോഴാണ് സാൻഡ്രയ്ക്ക് വയറുവേദന തുടങ്ങിയത്. അൾട്രാസൗണ്ട് സ്കാനിംഗിൽ ഓവറിയിൽ സിസ്റ്റാണെന്നറിഞ്ഞു. സർജറിയിൽ പുറത്തെടുത്തത് 22 സെന്റിമീറ്ററുള്ള മുഴ. ഓവറി റിമൂവ് ചെയ്തു. ആദ്യ ബയോപ്സിയിൽ ക്യാൻസറല്ലെന്നാണറിഞ്ഞത്. സ്‌മിതയുടെ സഹോദരൻ പ്രവീൺ നാല്പതാംവയസിൽ ശ്വാസകോശ ക്യാൻസർ വന്നാണ് മരിച്ചത്. ഇക്കാര്യം പറഞ്ഞപ്പോൾ, പേടിക്കാനില്ലെന്നായിരുന്നു മറുപടി. സർജറിക്കുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഡാൻസ് അക്കാഡമി തുടങ്ങി. നൃത്തത്തിലും പഠനത്തിലും സജീവമായി. ഒരുദിവസം നടുവേദനയാൽ തളർന്നുവീണ സാൻഡ്രയെ ആശുപത്രിയിലെത്തിച്ചപ്പോൾ എം.ആർ.ഐയിൽ ട്യൂമർ കണ്ടെത്തി. അസ്ഥിരോഗവിദഗ്ദ്ധൻ ഇന്ത്യൻ ഡോക്‌ടറായിരുന്നു. അദ്ദേഹമാണ് ട്യൂമർ നട്ടെല്ലിലേക്ക് വ്യാപിച്ചെന്നറിയിച്ചത്.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ക്യാൻസർ ആന്തരികാവയവങ്ങളെയും ബാധിച്ചിരുന്നു. നട്ടെല്ലിലെ ശസ്ത്രക്രിയയും കഴിഞ്ഞാണ് ഓവറിയിലെ സിസ്റ്റിന്റെ ബയോപ്സി ഫലം ലഭിച്ചത്. അപ്പോഴേക്കും ക്യാൻസർ നാലാംഘട്ടത്തിലെത്തിയിരുന്നു. 2023 ഓഗസ്റ്രിൽ സാൻഡ്രയെ കൊച്ചി അമൃതയിലെത്തിച്ചു. മൂന്ന് കീമോയും 13 റേഡിയേഷനും നൽകിയെങ്കിലും പിടിവിട്ടുപോയി.
കോഴിക്കോട്ടുകാരാണ് സാൻഡ്രയുടെ കുടുംബം. അച്ഛൻ സലിംബാവയ്ക്ക് സൗദിയിൽ ബിസിനസാണ്. സഹോദരൻ ഷെർവിൻ പ്ളസ് ടു വിദ്യാർത്ഥി.
ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ നിയമവഴി തേടിയിരിക്കുകയാണ് കുടുംബം. വിദേശപഠനത്തിന് പോകുന്ന ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണിതെന്ന് സ്മിത പറയുന്നു. കാനഡയിലെ സമന്വയ ഉൾപ്പെടെ മലയാളി കൂട്ടായ്മകളുടെ പിന്തുണയുമുണ്ട് സാൻഡ്രയുടെ കുടുംബത്തിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |