SignIn
Kerala Kaumudi Online
Friday, 04 September 2026 1.01 AM IST

സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ -- കശുഅണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടി മുടങ്ങും

aa

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതിയിലേക്ക് നയിച്ച സിംഗിൾ ബെഞ്ച് ഉത്തരവുകൾ ഹൈക്കോടതി ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ, പ്രതികളുടെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവിലെ തുടർനടപടിയും തടസപ്പെടും.

മുഖ്യപ്രതികളായ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും നൽകിയ അപ്പീലുകൾ സ്വീകരിച്ചാണ് ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ച് സ്റ്റേ അനുവദിച്ചത്. സിംഗിൾബെഞ്ചിന്റെ നാല് ഉത്തരവുകൾക്ക് സ്റ്റേ ബാധകമാകും. അപ്പീലുകൾ വിശദവാദത്തിനായി 24ലേക്ക് മാറ്റി.

കോടതി അലക്ഷ്യ കേസിലെ പരിഗണനാ വിഷയങ്ങൾ മറികടന്നാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. സി.ബി.ഐയുടെ അപേക്ഷ മൂന്നുവട്ടം നിരസിച്ച സർക്കാർ, കോടതി ഇടപെടലിനെ തുടർന്നാണ് അനുമതി നൽകാൻ നിർബന്ധിതരായതെന്നും വാദിച്ചു. കോടതി അലക്ഷ്യ ഹർജികളിൽ പരിഗണനാ വിഷയത്തിന് അപ്പുറമുള്ള ഉത്തരവുകൾ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ കേട്ടതുമില്ല. സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ വിചാരണഘട്ടത്തിൽ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ശരിവച്ച് സി.ബി.ഐയോട് തുടർ നടപടിക്ക് നിർദ്ദേശിച്ച ജൂലായ് 17ലെ ഉത്തരവും സ്റ്റേ ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASHEW NUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA