
തിരുവനന്തപുരം: നാലുവർഷ ബിരുദ പഠനം പൂർത്തിയാക്കി ഒരു വർഷത്തിനകം അധികക്രെഡിറ്റ് നേടാനുള്ള ടോപ്പ്-അപ് സംവിധാനം വരുന്നു. ഉപരിപഠനത്തിനുള്ള ക്രെഡിറ്റ് നേടാനാണിത്. മൈനർ വിഷയങ്ങളിലാവും അനുവദിക്കുക. കോളേജുകളിൽ വീണ്ടും ചേർന്ന് ഫീസടച്ചോ ഓൺലൈൻ കോഴ്സുകളിലൂടെയോ ചെയ്യാം. അധിക ക്രെഡിറ്റ് നേടുംവരെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകാമെന്നും ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കർമ്മപദ്ധതിയിൽ പറയുന്നു.
നാലുവർഷ കോഴ്സിൽ മൂന്നാം വർഷം പഠനം അവസാനിപ്പിക്കുന്നവർക്ക് നേടിയ ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ എന്നിവ നൽകാനും ശുപാർശയുണ്ട്. സർവകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്.
നാലു വർഷകോഴ്സ് മൂന്നുവർഷം കൊണ്ട് അവസാനിപ്പിക്കാൻ എക്സിറ്റ് ചെയ്താലും 30 ദിവസത്തിനകം അത് പിൻവലിക്കാം. എയ്ഡഡ്, സ്വാശ്രയ കോഴ്‌സുകൾ ഒരുമിച്ചുള്ള ക്യാമ്പസുകളിൽ സ്വാശ്രയ വിദ്യാർത്ഥിക്ക് എയ്ഡഡ് വിഭാഗത്തിലെ ഇലക്ടീവ് ഫീസടച്ച് പഠിക്കാനുള്ള അനുവാദം നൽകാനും ശുപാർശയുണ്ട്.
ക്രെഡിറ്റുകൾ കുറയ്ക്കുന്നതും ഇലക്ടീവുകളുടെ തിരഞ്ഞെടുപ്പുകളുമടക്കം തീരുമാനമെടുക്കാൻ 'ഫെസിലിറ്റേഷൻ ആൻഡ് റെസല്യൂഷൻ കമ്മിറ്റി' എന്ന ഉന്നതാധികാരസമിതി രൂപീകരിക്കും.
കോളേജ് മാറ്റം മൂന്നാം സെമസ്റ്ററിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും.
സ്‌കിൽ കോഴ്‌സുകളുടെ മൂല്യനിർണ്ണയം സ്‌കിൽടെസ്റ്റ് വഴി നടത്തും. കമ്പ്യൂട്ടർ സയൻസ്, ഐടി, ബയോടെക്നോളജി വിഷയങ്ങളിൽ മൂന്നാം വർഷ എക്സിറ്റ് എടുക്കുന്നവർക്ക് അവസാന സെമസ്റ്ററുകളിൽ പ്രോജക്ട് ഓപ്ഷനായി നൽകാം. ക്രെഡിറ്റാണോ മാർക്കാണോ വിജയത്തിന് കണക്കാക്കേണ്ടതെന്ന് സർവകലാശാലകൾക്ക് തീരുമാനിക്കാം.വിദ്യാർത്ഥികളുടെ സംസ്ഥാനാന്തര ട്രാൻസ്ഫറിന് ചട്ടമുണ്ടാക്കും. യൂണിവേഴ്സിറ്റികളിലെ അവധിക്കാലം ഏകീകരിക്കും.
ഓൺലൈൻ കോഴ്സുകളുടെ നടത്തിപ്പിന് എസ്.എൻ.ഓപ്പൺ സർവകലാശാലയോട് സന്നദ്ധതയാരാഞ്ഞു. ഇന്റേൺഷിപ്പിന് കൂടുതൽ സൗകര്യമൊരുക്കും.
ക്ലാസ്‌മുറിക്കായി
വേണ്ടത് 100 കോടി
നാലുവർഷബിരുദത്തിലെ നാലാംവർഷത്തിൽ 66 ഗവ.കോളേജുകളിൽ ക്ലാസ്‌മുറികളൊരുക്കാൻ 75 മുതൽ100 കോടി ചെലവുണ്ട്. ഒരുകോളേജിൽ 6 മുതൽ 1 0ക്ലാസ്‌മുറികൾ നിർമ്മിക്കേണ്ടിവരും. ഇതിനായി പണംകണ്ടെത്തണമെന്ന് ഉന്നതവിദ്യാഭ്യാസകൗൺസിൽ ഉപാദ്ധ്യക്ഷ്യൻ ഡോ.അച്യുത്‌ശങ്കർ.എസ്.നായർ സർക്കാരിന് കത്ത്നൽകി.
നാലുവർഷ ബിരുദം
പേരുമാറും
നാലുവർഷ ബിരുദത്തിന്റെ പേര് ഫ്ലെക്സിബിൾ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാം എന്നുമാറും. മൂന്നും നാലും വർഷ ബിരുദമുള്ളതിനാലാണിത്. 2028 മുതൽ ഇതായിരിക്കും പേര്.
# അദ്ധ്യാപക യോഗ്യത, സെറ്റ്പരീക്ഷാ യോഗ്യത, പി.എച്ച്ഡി റഗുലേഷൻ എന്നിവയിൽ നാലുവർഷ ബിരുദം ഉൾപ്പെടുത്തും.
# നാലുവർഷ ബിരുദക്കാർക്ക് പി.എസ്.സി ജോലിക്ക് അംഗീകാരം ലഭ്യമാക്കും.
# മൂന്നാം വർഷം ബിരുദം അവസാനിപ്പിക്കുന്നവർക്കും നാലുവർഷക്കാർക്കുമായി രണ്ടു വർഷ, ഒരു വർഷ പി.ജി കോഴ്സുകളുണ്ടാക്കും.അദ്ധ്യാപകരുടെ ജോലിഭാരം കണക്കാക്കുന്നത് മരവിപ്പിച്ചത് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |