
പി.എസ്.സി സെക്രട്ടറിക്കും നോട്ടീസ്
12 അംഗങ്ങളെക്കൂടി ചോദ്യം ചെയ്യും
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിന് നിർണായക പങ്കുണ്ടെന്ന് വ്യക്തമായതോടെ എസ്.ഐ.ടി അറസ്റ്റിലേക്ക് കടന്നേക്കും. ഇന്നലെ തുടർച്ചയായി രണ്ടാംദിനവും ചോദ്യംചെയ്തപ്പോൾ ഗുരുതരവീഴ്ച വെളിവായി. അവ സാങ്കേതികമെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും രേഖകൾ മുന്നിൽവച്ച് ചോദ്യംചെയ്തപ്പോൾ അതെല്ലാം തന്റെ അധികാരമെന്ന് മറുപടി നൽകി. അങ്ങനെയെങ്കിൽ, വീഴ്ചകളുടെ ഉത്തരവാദിത്വവും ചെയർമാനാണെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടിയപ്പോൾ മൗനിയായി. എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്താതിരുന്നത് സാങ്കേതികപിഴവാണെങ്കിൽ, അക്കാര്യം ബോദ്ധ്യമായശേഷം തിരുത്താത്തത് എന്തെന്നായി എസ്.ഐ.ടി. അതിനുമുമ്പേ കേസെടുത്തെന്ന് മറുപടി.
വിജിലൻസ് എസ്.പിയടക്കം ചൂണ്ടിക്കാട്ടിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതിരുന്നതെന്ത് എന്ന് ചോദിച്ചപ്പോൾ വീണ്ടും മൗനം.
കമ്മിഷനംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികൾ ചെയർമാനെതിരാണ്. എല്ലാം തീരുമാനിക്കുന്നത് ചെയർമാനും രണ്ടംഗങ്ങളും ചേർന്നെന്നാണ് ഭൂരിഭാഗംപേരും വെളിപ്പെടുത്തിയത്. ചെയർമാന്റെ പങ്കു തെളിയിക്കുന്ന സുപ്രധാനരേഖകളും എസ്.ഐ.ടിക്ക് കൈമാറിയിട്ടുമുണ്ട്. എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്താൻ നൽകാതിരുന്നതിലും അഭിമുഖത്തിന് വാരിക്കോരി മാർക്ക് നൽകിയതിലും ഉത്തരക്കടലാസ് പകർപ്പിലെ വിവരാവകാശം വൈകിച്ചതിലും ഗൂഢാലോചനയുണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അതിനിടെ, പി.എസ്.സി സെക്രട്ടറി സാജുജോർജ്ജിന് ശനിയാഴ്ച ചോദ്യംചെയ്യലിനെത്താൻ നോട്ടീസ് നൽകി. 12 കമ്മിഷനംഗങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഹാജരാവാൻ ഇന്ന് നോട്ടീസ് നൽകും. സെക്രട്ടറിയെ ഒഴിവാക്കി ചെയർമാൻ തീരുമാനങ്ങളെടുത്തിരുന്നതായി എസ്.ഐ.ടിക്ക് വിവരം കിട്ടി. കൂട്ടായാണ് തീരുമാനമെന്ന ചെയർമാന്റെ മൊഴിക്ക് വിരുദ്ധമാണ് അംഗങ്ങളുടെ മൊഴി. റിമാൻഡിലായ മുൻഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റേതിന് സമാനമാണ് ചെയർമാന്റെ മൊഴി. സതീഷിനെയും അഡി. സെക്രട്ടറി ആർ.ഹരിയെയും സംരക്ഷിക്കുന്ന മൊഴിയാണ് ചെയർമാൻ നൽകിയത്. സോഫ്‌റ്റ്‌വെയർ പിശകാണെന്ന് അവർത്തിച്ചു. എല്ലാ അംഗങ്ങളുടെയും മൊഴിയെടുത്തശേഷം ചെയർമാനെ വീണ്ടും ചോദ്യംചെയ്യും. പരമാവധി തെളിവുകളുമായി അറസ്റ്റിനാണ് നീക്കം.
47 ചോദ്യം ഗൈഡിലേത്, കേസ്
പി.എസ്.സിക്കെതിരെ ഒരു കേസുകൂടി ഇന്നലെ രജിസ്റ്റർ ചെയ്തു. 2023ലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലെ തട്ടിപ്പിനാണ് കേസ്. 100 ചോദ്യങ്ങളിൽ 47എണ്ണവും ഒരു ഓൺലൈൻ ഗൈഡിൽ നിന്ന് അതേപടി കോപ്പിയടിച്ചു. ഇത് ചോദ്യം ചോർത്തിക്കൊടുക്കുന്നതിന് സമാനമാണെന്നാണ് കേസ്. ആരെയും പ്രതിയാക്കിയിട്ടില്ല. ഫിഷറീസ് എക്സ്‌റ്റഷൻ ഓഫീസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ നിയമനതട്ടിപ്പിൽ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
പ്രതി റിമാൻഡിൽ
കോഴിക്കോട്ട് അറസ്റ്റിലായ പി.സതീഷിനെ തിരുവനന്തപുരത്ത് അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. പി.എസ്.സിയിലെത്തിച്ച് തെളിവെടുക്കും. കുടുംബസമേതം ഒളിവിൽപോയ ഹരിയെ കണ്ടെത്താനായിട്ടില്ല. പട്ടത്തെ വീട് പൂട്ടിക്കിടക്കുകയാണ്. കണ്ടെത്താൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |