SignIn
Kerala Kaumudi Online
Thursday, 02 July 2026 11.51 PM IST

'ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞു, ഡോക്ടർ ഒന്നും ചെയ്തില്ല'; ചിറയിൻകീഴ് ആശുപത്രിക്കെതിരെ പിതാവ്

READ ENGLISH VERSION

snake

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ് ദിലീപ്. ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വേണ്ടവിധത്തിൽ എടുത്തില്ല. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും പിതാവ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

'ഞങ്ങൾ പാമ്പിനെ കണ്ടില്ലായിരുന്നു. പാമ്പ് കടിച്ചതാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന നഴ്സ് മാത്രമാണ് കുട്ടിയെ തൊട്ടെങ്കിലും നോക്കിയത്. ഡോക്ടർ ചുമ്മാ നോക്കിനിൽക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും അവർ ചെയ്തില്ല. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഉടൻ തന്നെ ആംബുലൻസിൽ കയറ്റിവിടാൻ പറയുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് തന്നെ അനക്കമില്ലായിരുന്നു'- പിതാവ് പറഞ്ഞു.

അഴൂർ മൂലേൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മൂത്ത മകൻ ദിക്ഷലാണ് ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, HOSPITAL, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA