SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.47 AM IST

ആദ്യം ശമ്പളം പിന്നെ മതി പരിഷ്‌കാരം, ഉദ്ഘാടന ദിവസം തന്നെ  ഇലക്ട്രിക് ബസുകൾ തടയുമെന്ന് സി ഐ ടി യു, ചർച്ച പരാജയം

ksrtc-swift

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ നാളെ ആരംഭിക്കുന്ന ഇലക്ട്രിക് ബസ് സർവ്വീസുകൾ തടയുമെന്ന് സി ഐ ടി യു. സിറ്റി ബസ് സർവീസിലേക്ക് ഇലക്ട്രിക് ബസ് ഓടിക്കുവാനുള്ള എയർ റെയിൽ സിറ്റി പദ്ധതിയാണ് നാളെ ആരംഭിക്കുന്നത്. എന്നാൽ ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. ഇതേതുടർന്ന് ഇന്ന് മാനേജ്‌മെന്റ് യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കെ എസ് ആർ ടി സിയിൽ ജൂൺ മാസത്തെ ശമ്പളം ഇനിയും കൊടുത്തു തീർത്തിട്ടില്ല. ഇതും യൂണിയനുകളെ സമരത്തിലേക്ക് നീങ്ങുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ജൂൺ മാസത്തെ ശന്പളം അടുത്ത മാസം അഞ്ചാം തീയതിക്ക് മുൻപായി നൽകാമെന്ന് ചർച്ചയിൽ സി എം ഡി നിലപാടെടുത്തെങ്കിലും യൂണിയനുകൾ അത് ചെവിക്കൊണ്ടില്ല. നാളെ സ്വിഫ്റ്റ് സർവീസ് ബഹിഷ്‌കരിക്കുമെന്ന് ബി എം എസും അറിയിച്ചിട്ടുണ്ട്.


സിറ്റി സർക്കുലറിലെ എട്ടാമത്തെ സർക്കിളായ എയർ റെയിൽ സിറ്റി സർക്കിളായാണ് ഇലക്ട്രിക് ബസുകൾ സർവ്വീസ് നാളെ തുടങ്ങുന്നത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തമ്പാനൂർ സെൻട്രർ ബസ് സ്റ്റേഷൻ വച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ളാഗ്ഓഫ് ചെയ്യും. ഇതിനോടൊപ്പം ബാക്കി സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും. യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കളിൽ നാല് ബസുകളും, ബാക്കി സർവ്വീസുകളിൽ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവ്വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോഗിക്കും. സർവ്വീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും.

വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിയ്ക്കൂർ സർവ്വീസ് ആരംഭിക്കുന്ന എയർ റെയിൽ സർക്കിൾ തിങ്കളാഴ്ച ( ആഗസ്റ്റ് 1 മുതൽ ) സർവ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (ഠ1), ഇന്റർനാഷണൽ (ഠ2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ റെയിൽ സർക്കുലർ സർവ്വീസ് നടത്തുന്നത്.

ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം അര മണിക്കൂറിലും ഈ രണ്ട് ടെർമിനലുകളിൽ എത്തുന്ന വിധമാണ് സർവ്വീസ് ക്രമീകരിക്കുക. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട് , മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിന്റസ് കോളേജ് , ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജംഗ്ഷൻ , പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ , കേരള യൂണിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കുന്നതാണ് സർവ്വീസ്.

ഇന്റർനാഷണൽ ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ , കേരള യൂണിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക , ഇന്റർ നാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുമുഖം , വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ , മുക്കോലയ്ക്കൽ, മണക്കാട്, വഴി തിരിച്ചും പോകുന്ന രീതിയിലാണ് സർവ്വീസ് നടത്തുക.

ഇലക്ട്രിക് ബസുകളുടെ റിഹേഴ്സൽ ശനിയാഴ്ച തലസ്ഥാനത്ത് നടത്തിയിരുന്നു. ഞാറാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ നടത്തുന്ന ട്രയൽ റണ്ണിലാകും ബസ് സർവ്വീസിന്റെ സമയം ക്രമീകരിക്കുക. ട്രയൽ റണ്ണിൽ 25 ഇലക്ട്രിക് ബസുകളിൽ 23 ബസുകൾ പങ്കെടുക്കും. രണ്ട് ബസുകൾ ചാർജ് ചെയ്ത് ചാർജ് തീരുന്ന ബസുകൾ മാറി നൽകും. ആദ്യ ഘട്ടത്തിൽ മറ്റ് സർക്കിളുകൾക്കൊപ്പം ഇലക്ട്രിക് ബസുകളും സർവ്വീസ് നടത്തും, ക്രമേണ ഡീസൽ ബസുകൾ ഓരോന്നായി പിൻവലിച്ച് പുതിയ സർക്കിളിൽ ഇലക്ട്രിക് ബസുകൾ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, SWIFT, SALARY, CITU, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA