തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നു കരകയറാൻ തിരുത്തൽ നടപടി തുടങ്ങിയ സി.പി.എമ്മിന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസിനെതിരെയും കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് വൻ വെല്ലുവിളിയായി.
പാർട്ടിയിലെ അവസാനവാക്കും ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായ പിണറായി വിജയന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് പരാജയം മുതൽ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. പിണറായി വിരുദ്ധചേരി കേന്ദ്ര നേതൃത്വത്തിന്റെ ആശിർവാദത്തോടെ രൂപപ്പെടുകയും ചെയ്തു. പിണറായിയും റിയാസും പ്രതിപ്പട്ടികയിലേക്ക് എത്തുന്നതോടെ ഈ ചേരി കൂടുതൽ ശക്തമാകും. റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതു മുതൽ പുകയുന്ന അതൃപ്തി കൂടുതൽ പ്രകടമാകുമെന്നാണ് സൂചന. പിണറായിയുടെ നിലപാടുകൾ കൂടുതൽ ശക്തമായി ചോദ്യം ചെയ്യപ്പെട്ടേക്കാം.
അന്വേഷണത്തിന് പിന്നിൽ ബി.ജെ.പി-കോൺഗ്രസ് ഡീലെന്നാണ് സി.പി.എം വാദിച്ചിരുന്നത്. കോടതി നിർദേശിച്ചതോടെ ഇ.ഡി നീക്കത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന രാഷ്ട്രീയ ആരോപണം ഉന്നയിക്കാനാകാത്ത അവസ്ഥയിലായി. നേതാവിന്റെ മകൾക്കെതിരായ കേസ് പാർട്ടിക്കെതിരായ നീക്കമായി വ്യാഖ്യാനിക്കുന്നതിനോട് സി.പി.ഐക്ക് നേരത്തേതന്നെ എതിർപ്പുണ്ട്.
ഇടതു മുന്നണിക്കെതിരായ നീക്കമെന്ന സി.പി.എമ്മിന്റെ പുതിയ ഭാഷ്യവും ഏശില്ല.
ലാവ്ലിൻ കേസുപോലെ സി.എം.ആർ.എൽ- എക്സാലോജിക് കേസിനെ കാണാനാകില്ലെന്ന നിലപാടിലാണ് സി.പി.ഐ.
പിണറായിയുടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതിന് രേഖകളുണ്ട്. പിണറായി വിരുദ്ധ ചേരിയുടെ ആരോപണവും ഇതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |