
തിരുവനന്തപുരം: വിമർശനം കേട്ടാൽ പൊട്ടിത്തെറിക്കുന്ന ശൈലിയല്ല തന്റേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിമർശനം കേൾക്കും, ഉൾക്കൊള്ളും. തെറ്റുപറ്റിയാൽ തിരുത്തും. പാർട്ടിയിലെ ആർക്കും തന്നെ വിമർശിക്കാം. സർക്കാരിന്റെ ഒരു കാര്യവും ചർച്ച ചെയ്യുന്നില്ലെന്ന അടൂർ പ്രകാശിന്റെ ആരോപണത്തിന് മറുപടി പറയുന്നില്ല.
'മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ പാർട്ടിക്ക് വിധേയനാണ്. എന്നെ വിമർശിക്കാം. തെറ്റുകളുണ്ടെങ്കിൽ തിരുത്തും. ചെയ്തത് തെറ്റല്ലെങ്കിൽ വിമർശിക്കുന്നവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തും. നയപരമായ എല്ലാ കാര്യങ്ങളും പാർട്ടിയുമായി ആലോചിക്കും. സർക്കാരിന്റെ ദൈനംദിനകാര്യങ്ങൾ ആലോചിക്കാറില്ല. കെ.പി.സി.സി പ്രസിഡന്റും മുൻ പ്രസിഡന്റുമാരും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനുമെല്ലാം മന്ത്രിസഭയിലുണ്ട്""- മുഖ്യമന്ത്രി പറഞ്ഞു.
അടൂർ പ്രകാശിന്റെ പരാതിയിൽ കോൺസ് ഹൈക്കമാൻഡ് വിശദീകരണം ചോദിച്ചോ എന്ന ചോദ്യത്തിന് തന്നോടാരും ഒരു വിശദീകരണവും ചോദിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആവർത്തിച്ചുള്ള ചോദ്യത്തിന് ഹൈക്കമാൻഡിന്റെ ജോലി അതാണോ എന്നും കൂട്ടിച്ചേർത്തു. രണ്ടു കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവൂ. ഏതെങ്കിലും കാര്യത്തിൽ കൂടിയാലോചനയില്ലെന്ന ആക്ഷേപം വന്നാൽ അത് പരിഹരിക്കും.
ഡൽഹിയിൽ കേരള പ്രതിനിധി അത്യാവശ്യം
ഭരണപരിഷ്‌കാര കമ്മിഷനും ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയും അവശ്യമുള്ളതാണ്. ആസൂത്രണ കമ്മിഷൻ ഒഴിവാക്കി നീതി ആയോഗിലേക്ക് മാറിയപ്പോൾ പ്ലാനിംഗ് പദ്ധതികളിലേക്കു മാറി. കഴിഞ്ഞ സർക്കാരിന് 25 ശതമാനം കേന്ദ്ര പദ്ധതികളിലേക്ക് പോലും അപേക്ഷിക്കാനായില്ല. ഡൽഹിയിൽ നല്ല ബന്ധമുള്ള ജി. ദേവരാജനെയാണ് ഈ സ്ഥാനത്തു വച്ചത്. സർക്കാരിന്റെ പല പദ്ധതികളും ഭരണപരിഷ്‌കാര കമ്മിഷനുമായി ബന്ധപ്പെട്ടതാണ്. ഇവിടെയും ധൂർത്ത് കുറച്ച് കമ്മിഷൻ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |