SignIn
Kerala Kaumudi Online
Monday, 06 July 2026 2.04 AM IST

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

kdy1-

കൊടുവള്ളി: മദ്യലഹരിയിൽ വഴക്കിനിടെ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ കത്തറമ്മലിൽ ചോയിമഠം റോഡിൽ താനിരിക്കും പൊയിൽ വീട്ടിൽ പ്രസാദ് കുമാറാണ്(49) കൊല്ലപ്പെട്ടത്.സംഭവത്തിൽ പ്രമോദ് കുമാറിനെ (53) കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചുവരുന്നത്.കൂലിപ്പണിക്കാരായ ഇവർ അവിവാഹിതരാണ്.

ശനിയാഴ്ച രാത്രി 10:30 ഓടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രസാദുമായി ലൈറ്റ് കെടുത്തിയതുമായി ബന്ധപ്പെട്ട് പ്രമോദ് തർക്കത്തിലായി.

പ്രമോദ് കുമാർ ഈ സമയം ഭക്ഷണം പാകം ചെയ്യുകയായിരുന്നു.തർക്കത്തിനിടെ പ്രമോദ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് പ്രസാദിന്റെ ഇടതു നെഞ്ചിൽ കുത്തി.പരിക്കേറ്റ പ്രസാദ് കിടപ്പുമുറിയിലേക്ക് ഓടി കട്ടിലിൽ ബോധരഹിതനായി വീണ് ചോര വാർന്ന് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇവർ മദ്യപിച്ച് വീട്ടിൽ കലഹിക്കുന്നത് നിത്യ സംഭവമായതിനാൽ ബന്ധുക്കളോ സമീപവാസികളോ ഇവരുടെ വീടുകളിലേക്ക് പോവുന്നതും കുറവാണ്.

സംഭവത്തിനുശേഷം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ പ്രമോദ് കുമാർ തന്നെ കുറച്ച് അകലെയുള്ള ബന്ധു വീട്ടിലെത്തി പ്രസാദിനെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയുമായിരുന്നു.ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ച ഉടൻ പൊലീസിൽ വിവരമറിക്കുകയായിരുന്നു.ബന്ധുക്കളും നാട്ടുകാരും പ്രമോദ് കുമാറിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.കുത്താൻ ഉപയോഗിച്ച കത്തി പ്രമോദ് തന്നെ പൊലീസിന് കൈമാറുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പിതാവ്: ഗ്രാമപഞ്ചായത്ത് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന പരേതനായ ചെറിയാത്തു. മാതാവ്: മാധവി. സഹോദരങ്ങൾ: പ്രദീപ് കുമാർ,വിലാസിനി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA